പാപ്പരായ ബൈജൂസിനെ ഏറ്റെടുക്കാൻ മണിപ്പാലിൽ നിന്നൊരു രക്ഷകൻ; 25 ശതമാനം ഓഹരികൂടി വാങ്ങാൻ എംഇഎംജി

ബൈജു രവീന്ദ്രൻ | ഫോട്ടോ: AFP
ബൈജു രവീന്ദ്രൻ | ഫോട്ടോ: AFP

കൊച്ചി: പാപ്പരത്ത നടപടി നേരിടുന്ന വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ താത്പര്യപത്രം സമർപ്പിച്ച് ഡോ. രഞ്ജൻ പൈയുടെ മണിപ്പാൽ എജുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംജി). ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ മുഴുവൻ ആസ്തികളും സ്വന്തമാക്കാനാണ് രഞ്ജൻ പൈ ഒരുങ്ങുന്നത്.

എൻട്രൻസ് കോച്ചിങ് കേന്ദ്രങ്ങളുടെ ശൃംഖലയായ ആകാശ് എജുക്കേഷൻ സർവീസസിന്റെ 25 ശതമാനം ഓഹരികൾ കൂടി ഇത്തരത്തിൽ സ്വന്തമാക്കുകയാണ് ലക്ഷ്യം. നിലവിൽ ആകാശിന്റെ 58 ശതമാനം ഓഹരികൾ എംഇഎംജിയുടെ കൈവശമാണ്.

2021-ൽ ആകാശിനെ ഏതാണ്ട് 7,300 കോടി രൂപ മുതൽമുടക്കിൽ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ സ്വന്തമാക്കിയിരുന്നു. എന്നാൽ, ബൈജൂസ് കടബാധ്യതകളെത്തുടർന്ന് പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ രഞ്ജൻ പൈ, ആകാശിൽ നിക്ഷേപം നടത്തി രക്ഷകനായി എത്തി. ഇതിനിടെ, ബൈജൂസ് പൂർണമായി പ്രതിസന്ധിയിലേക്കു വീണ് പ്രവർത്തനം നിലച്ച അവസ്ഥയിലായി. ഇതോടെയാണ് പാപ്പരത്ത നടപടിയിലേക്ക് നീങ്ങിയത്. കമ്പനിയെ ഏറ്റെടുക്കാനുള്ള താത്പര്യപത്രം നവംബർ 13 വരെയാണ് സമർപ്പിക്കാനാകുക. ഇതുവരെ മണിപ്പാൽ ഗ്രൂപ്പ് മാത്രമേ താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളൂ.

മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യാ ഗോകുൽനാഥും ചേർന്ന് 2011-ൽ ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച ബൈജൂസിന്റെ മൂല്യം 2022-ൽ 2,200 കോടി ഡോളർ (അന്നത്തെ വിപണിമൂല്യം അനുസരിച്ച് ഏതാണ്ട് 1.83 ലക്ഷം കോടി രൂപ) വരെയായി ഉയർന്നിരുന്നു. എന്നാൽ, പിന്നീട് പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.