അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വിജയ്ക്ക് പരീക്ഷണം, മമതയ്ക്ക് നിർണായകം

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ ആറിനാണ് തിരഞ്ഞെടുപ്പ്. ഒമ്പതിന് വോട്ടെണ്ണും. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജി നഗർ തമിഴ്‌നാട്ടിലെ മധുരാന്തകം (SC), ധാരാപുരം (SC),പുതുച്ചേരിയിലെ തട്ടാൻചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. അസമിലെ നാഗോൻ ലോക്‌സഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.
തമിഴ്‌നാട്ടിലെ ഉപതിരഞ്ഞെടുപ്പ് മൂന്ന് മാസംമാത്രം പ്രായമുള്ള വിജയ് സർക്കാരിന് ആദ്യ പരീക്ഷണമാണ്. തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രണ്ട് സീറ്റുകളും എഐഎഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്കായി മത്സരിച്ചു ജയിച്ച എംഎൽഎമാർ രാജിവെച്ച് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കും നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ഒരുപോലെ നിർണായകമാണ്. സുവേന്ദു അധികാരി ഒഴിഞ്ഞതോടെയാണ് നന്ദിഗ്രാമിലെ ഉപതിരഞ്ഞെടുപ്പ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ടിടത്ത് മത്സരിച്ചിരുന്നു. ഭബാനിപുർ നിലനിർത്തിയ സുവേന്ദു നന്ദിഗ്രാമിലെ എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. ഭബാനിപുരിൽ മമതയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്. 2021-ൽ സുവേന്ദു നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ പിളർപ്പിനിടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. നന്ദിഗ്രാമിൽ മമത മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
മുൻ ടിഎംസി നേതാവും ആം ജനത ഉന്നയൻ പാർട്ടി തലവനുമായ ഹുമയൂൺ കബീർ എംഎൽഎ സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് റെജിനഗർ സീറ്റ് ഒഴിവ് വന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെജിനഗർ, നൗഡ എന്നീ രണ്ട് മണ്ഡലങ്ങളിലും കബീർ വിജയിച്ചിരുന്നു.
പുതുച്ചേരിയിൽ മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് അധ്യക്ഷനുമായ എൻ. രംഗസാമി തട്ടാൻചാവടി നിയമസഭാ മണ്ഡലത്തിലെ അംഗത്വം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ്. തട്ടാൻചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച അദ്ദേഹം മംഗലം മണ്ഡലം നിലനിർത്തുകയായിരുന്നു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിലെ നാഗോൺ ലോക്സഭാ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച പ്രദ്യുത് ബോർദോലോയി രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.
തമിഴ്‌നാട്ടിൽ അഞ്ചു നിയമസഭാ സീറ്റുകൾകൂടി ഒഴിവുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാത്തതിനാൽ ഇവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: By-elections announced for 5 assembly seats and 1 Lok Sabha seat across three states., Polling is scheduled for October 6, with vote counting on October 9., Crucial test for Vijay's government in Tamil Nadu and political heavyweights in West Bengal.