ബുര്‍ഖയ്ക്കുള്ളില്‍ ഒളിക്യാമറ; ഷഹീന്‍ബാഗ് പ്രക്ഷോഭം ചിത്രീകരിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍

ന്യൂഡല്‍ഹി: ബുര്‍ഖയ്ക്കുള്ളില്‍ ഒളിക്യാമറവച്ച് ഷഹീന്‍ബാഗിലെ പ്രക്ഷോഭ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയെ സമരക്കാര്‍ പിടികൂടി. ബുധനാഴ്ച രാവിലെയാണ് ഷഹീന്‍ബാഗില്‍ നിന്ന് യൂട്യൂബര്‍ ഗുഞ്ച കപൂറിനെ പിടികൂടിയത്.
ബുര്‍ഖ ധരിച്ച് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കിടയിലേക്ക് ചെന്ന ഗുഞ്ചയുടെ ചോദ്യങ്ങളില്‍ അസ്വഭാവിക തോന്നിയ സ്ത്രീകള്‍ ബുര്‍ഖ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. ഗുഞ്ചയെ പിടികൂടിയതോടെ സമരപ്പന്തലില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. തുടര്‍ന്ന് പോലീസെത്തി ഗുഞ്ചയെ സ്ഥലത്തുനിന്ന് കൊണ്ടുപോയി.
'റൈറ്റ് നറേറ്റീവ്' എന്ന യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തകയാണ് ഗുഞ്ച കപൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നോതാവ് തേജസ്വി സൂര്യ തുടങ്ങി നിരവധി ബിജെപി നേതാക്കളാണ് ഇവരുടെ ചാനല്‍ ട്വിറ്ററില്‍ പിന്തുടരുന്നത്.
കഴിഞ്ഞയാഴ്ച, ഷഹീന്‍ ബാഗില്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ആകാശത്തേക്ക് വെടിവെച്ചതിന് കപില്‍ ഗുജ്ജര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം കര്‍ശനമായ നിരീക്ഷണമാണ് ഷഹീന്‍ബാഗ് മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Content Highlights: Burqa clad woman caught with hidden cam in shaheen bagh by protesters
Content Highlights: