സഭയ്ക്കകത്ത് വാക്കുകൾകൊണ്ട് അക്രമിച്ചു, ഇപ്പോൾ പുറത്തും അക്രമിക്കാൻ ശ്രമം; ബിജെപിക്കെതിരേ ഡാനിഷ് അലി

ഡാനിഷ് അലി | PTI
ഡാനിഷ് അലി | PTI

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.പി. എം.പി. ഡാനിഷ് അലി. സഭയ്ക്കകത്ത് അവര്‍ തന്നെ വാക്കുകള്‍ കൊണ്ട് അക്രമിച്ചെന്നും ഇപ്പോള്‍ പുറത്തുവെച്ചും അക്രമിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഡാനിഷ് അലി ആരോപിച്ചു. പ്രധാനമന്ത്രിയെ താൻ ആക്ഷേപിച്ചെന്ന ദുബെയുടെ ആരോപണം സത്യമാണെങ്കിൽ അതിന്റെ ദൃശ്യങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം വെല്ലുവിളിച്ചു. 

പ്രധാനമന്ത്രിക്കെതിരേ ഡാനിഷ് അലി മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിഷികാന്ത് ദുബെ നേരത്തേ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തയച്ചിരുന്നു.  ദാനിഷ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചതാണ് ബിധുരിയെ പ്രകോപിപ്പിച്ചതെന്നും കത്തില്‍ പറയുന്നു. അതേസമയം, രമേശ് ബിദുരിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശത്തില്‍ ദുബെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

ദുബെയുടെ ആരോപണങ്ങള്‍ നിഷേധിച്ച ഡാനിഷ്, യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയുടെ അന്തസ്സ് സംരക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിയെ ഈ വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിക്കാന്‍ തക്കവണ്ണം താന്‍ അധഃപതിച്ചിട്ടില്ലെന്നും ദാനിഷ് പറഞ്ഞു. 

ഡാനിഷ് അലിയേക്കുറിച്ച് തീവ്രവാദി എന്നടക്കമുള്ള പദങ്ങൾ ഉപയോഗിച്ച് ബിധുരി സഭയില്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. പിന്നിലിരിക്കുകയായിരുന്ന മുന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധനും രവിശങ്കര്‍ പ്രസാദും ഇതുകേട്ട് ചിരിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ലോക്‌സഭയില്‍ വ്യാഴാഴ്ച രാത്രി ചന്ദ്രയാന്‍ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു സംഭവം. വിഷയത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

Content Highlights: bsp mp danish ali seeks action against nishikant dubey