'യേ.. ദോസ്തീ..'; പുതിന്റെയും ഷീയുടെയും കൈകൾ കോർത്തുപിടിച്ച് മോദി; ശ്രദ്ധേയമായി ബ്രിക്‌സ് ഉച്ചകോടിയിൽ നിന്നുള്ള ചിത്രം

#ന്യൂസ് ഡെസ്ക്
ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവര്‍ കൈകോര്‍ത്തു നില്‍ക്കുന്ന ചിത്രം | Photo: ANI
ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവര്‍ കൈകോര്‍ത്തു നില്‍ക്കുന്ന ചിത്രം | Photo: ANI

ന്യൂഡൽഹി: 'ആയിരം വാക്കുകൾക്ക് തുല്യമാണ് - ഒരു ചിത്രം' എന്ന വാക്കുകളെ അന്വർത്ഥമാക്കുന്ന ഒരു ചിത്രമാണ് ഇന്ത്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വേദിയിൽനിന്നും ഇന്ന് പുറത്തുവന്നത്. ലോകത്തിലെ മൂന്ന് പ്രമുഖ ശക്തികളുടെ നേതാക്കളെ ഒന്നിച്ചു കൊണ്ടുവരുമ്പോൾ അതൊരു സാധാരണ ചിത്രമോ വാർത്തയോ അല്ലല്ലോ.. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവർ കൈകോർത്തു നിൽക്കുന്ന ചിത്രം വളരെ പെട്ടെന്നുതന്നെ ലോകശ്രദ്ധയാകർഷിച്ചത്.

ന്യൂഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഇടവേളയിൽ പുറത്തുവിട്ട ചിത്രത്തിൽ, പുതിനും ഷീയുടെയും ഇടയിൽ ഒരേസമയം ഇരുവരുടെയും കൈകൾ കോർത്തുപിടിച്ച് നിൽക്കുന്ന മോദിയെയാണ് കാണാനാവുക. ആഗോളതലത്തിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, റഷ്യയുമായും ചൈനയുമായും ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സൗഹൃദം നിലനിർത്താനുള്ള ഇന്ത്യയുടെ നയതന്ത്രമാണ് ഈ ദൃശ്യം വ്യക്തമാക്കുന്നത് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധങ്ങളെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോഴാണ് ഈ ചിത്രം പുറത്തുവരുന്നത്. യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികളുമായുള്ള പങ്കാളിത്തം നിലനിർത്തുന്നതോടൊപ്പം റഷ്യ, ചൈന എന്നിവരുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

പുതിനും ഷീക്കും പുറമെ ഇറാൻ പ്രസിഡന്റുമായും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചകൾ ഇന്ത്യയുടെ 'ചേരിചേരാ നയത്തിന്റെ' തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. ലോകനേതാക്കൾക്കിടയിലെ ഈ ഐക്യദാർഢ്യം ഇന്ത്യയുടെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പ്രാധാന്യത്തെയാണ് അടിവരയിടുന്നത്.

2006-ൽ 'ബ്രിക്' (BRIC) രൂപീകൃതമായപ്പോൾ ബ്രസീലിനൊപ്പം ഇന്ത്യ, ചൈന, റഷ്യ എന്നിവരാണ് അതിന്റെ നാല് സ്ഥാപക അംഗങ്ങളിൽ ഉൾപ്പെട്ടിരുന്നത്. 2010-ൽ ദക്ഷിണാഫ്രിക്കയെ ക്ഷണിക്കുകയും 2011-ൽ ആദ്യമായി അംഗമായി ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്തതോടെയാണ് കൂട്ടായ്മയ്ക്ക് ഇന്നത്തെ 'ബ്രിക്‌സ്' (BRICS) എന്ന പേര് ലഭിച്ചത്.

സെപ്റ്റംബർ 11 വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ പുതിൻ അന്നുതന്നെ പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ, യുക്രൈൻ സംഘർഷം പരിഹരിക്കുന്നതിന് ചർച്ചയും നയതന്ത്രവും വേണമെന്ന തന്റെ നിലപാട് മോദി ആവർത്തിക്കുകയും ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

അതുപോലെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കൂടിക്കാഴ്ചയാണ് മോദിയും ഷീ ജിൻപിങ്ങും തമ്മിലുള്ളത്. ഏഴ് വർഷത്തിന് ശേഷമാണ് ഷീ ഇന്ത്യ സന്ദർശിക്കുന്നത്. ഉച്ചകോടിയുടെ ഇടവേളയിൽ പ്രധാനമന്ത്രി മോദിയും ഷീയും തമ്മിൽ ഉഭയകക്ഷിചർച്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. അതിർത്തി തർക്കങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളാകാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ഒരു ദിവസം മുമ്പ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമൊപ്പം പ്രധാനമന്ത്രി കൈകോർത്തു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഊർജവിതരണത്തെയും സമുദ്ര വ്യാപാരത്തെയും ബാധിച്ച ഇറാൻ ഉൾപ്പെട്ട സംഘർഷങ്ങൾക്കിടയിലാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്. പുതിനുമായുള്ള ചർച്ചയിലെന്നപോലെ, ഇറാൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിലും പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ ചർച്ചയും നയതന്ത്രവും ആവശ്യമാണ് എന്നാണ് മോദി ആഹ്വാനം ചെയ്തത്.

ഈ രണ്ട് ചിത്രങ്ങളും ഇന്ത്യയുടെ വിദേശനയത്തിലെ 'ചേരിചേരാ' നിലപാടാണ് വ്യക്തമാക്കുന്നത്. അതിനായി ഇന്ത്യ കൈക്കൊള്ളുന്ന നയങ്ങളും ശ്രദ്ധേയമാണ്. എതിർ ഭൗമരാഷ്ട്രീയ ക്യാമ്പുകളുടെ ഭാഗമാകാതെ സമാധാനത്തിനും ചർച്ചകൾക്കുമാണ് തങ്ങൾ നിലകൊള്ളുന്നതെന്നാണ് ഇന്ത്യ ആവർത്തിച്ച് പറയുന്നത്. ഈ സമീപനം തന്നെയാണ് ബ്രിക്‌സ് ഉച്ചകോടിയുടെ നേതൃത്വത്തിലും കാണാനാകുന്നത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Content Highlights: The BRICS summit in New Delhi showcased a significant image of Indian Prime Minister Narendra Modi, Russian President Vladimir Putin, and Chinese President Xi Jinping together, highlighting India's diplomatic efforts to balance relations with both Russia and China while maintaining ties with Western countries. Amid global conflicts, including those in Ukraine and the Middle East, India is hosting the summit, emphasizing its non-aligned diplomatic stance and increasing geopolitical importance by engaging with leaders like Iran's President.