ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: ബ്രസീലിൽനിന്നുള്ള തുവരപ്പരിപ്പ്‌ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. വരുംമാസങ്ങളിൽ കയറ്റുമതി ആരംഭിക്കുമെന്ന് ഇന്ത്യ പൾസസ് ആൻഡ് ഗ്രെയിൻസ് അസോസിയേഷൻ ചെയർമാൻ ബിമൽ കോത്താരിയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. ആവശ്യമായ അനുമതികൾ ലഭിക്കുന്നതോടെ ഒക്ടോബർ-നവംബർ മാസങ്ങളിൽ കപ്പൽമാർഗം ആദ്യ ബാച്ച് വിതരണത്തിനെത്തും. ആദ്യഘട്ടത്തിൽ 20,000 മുതൽ 30,000 ടൺവരെ തുവരപ്പരിപ്പ് എത്തുമെങ്കിലും അടുത്ത വർഷത്തോടെ വൻതോതിൽ വിതരണം സാധ്യമാകുമെന്നാണ് ഐപിജിഎ വിലയിരുത്തുന്നത്.

ഇന്ത്യൻ വിപണി ലക്ഷ്യമാക്കി ഐപിജിഎയുടെ ആവശ്യപ്രകാരമാണ് ബ്രസീലിലെ കർഷകർ തുവരപ്പരിപ്പ് കൃഷി ചെയ്യാൻ തുടങ്ങിയത്. അടുത്തിടെയായി ബ്രസീലിൽ ഉഴുന്ന് വൻതോതിൽ കൃഷി ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നുണ്ട്. മ്യാൻമറിനുശേഷം ഇന്ത്യയിലേക്ക് ഉഴുന്ന് നൽകുന്ന രണ്ടാമത്തെ വലിയ സ്രോതസ്സാണ് നിലവിൽ ബ്രസീൽ. ഇതിന് പുറമേ ബ്രൗൺ ഐ ബീൻസും ബ്രസീൽ നൽകുന്നുണ്ട്.

ഇന്ത്യയിലെ ആഭ്യന്തര ഉൽപാദനത്തിൽ, 2026 ഖരീഫ് സീസണിൽ തുവരപ്പരിപ്പ് കൃഷി ചെയ്യുന്ന ആകെ വിസ്തൃതി മുൻവർഷത്തെ 45.95 ലക്ഷം ഹെക്ടറിൽനിന്ന് 47.25 ലക്ഷം ഹെക്ടറായി വർധിച്ചിട്ടുണ്ട്. എങ്കിലും, പ്രധാന ഉൽപാദന സംസ്ഥാനങ്ങളായ കർണാടകയിൽ കൃഷി വിസ്തൃതി 6% കുറഞ്ഞ് 14.16 ലക്ഷം ഹെക്ടറായും മഹാരാഷ്ട്രയിൽ 1.5% കുറഞ്ഞ് 12.02 ലക്ഷം ഹെക്ടറായും താഴ്ന്നു.

അതേസമയം, ഉത്തർപ്രദേശിൽ 33 ശതമാനവും ഗുജറാത്തിൽ 11 ശതമാനവും കൃഷി വിസ്തൃതി വർധിച്ചു. തെലങ്കാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കൃഷി വിസ്തൃതിയിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടകയിലും മഹാരാഷ്ട്രയിലും അനുഭവപ്പെട്ട മഴക്കുറവ് പ്രാദേശിക ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും വിപണിയിലുണ്ട്.