'ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകം'; മൂന്ന് കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട ധീരത|video

മതില്‍ ചാടിക്കടന്നെത്തുന്ന മോഷ്ടാക്കള്‍, പ്രതിരോധിക്കുന്ന സ്ത്രീ | Screengrab from x.com/JagbaniOnline
മതില്‍ ചാടിക്കടന്നെത്തുന്ന മോഷ്ടാക്കള്‍, പ്രതിരോധിക്കുന്ന സ്ത്രീ | Screengrab from x.com/JagbaniOnline

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ മൂന്ന് മോഷ്ടാക്കളെ ഒരു സ്ത്രീ ഒറ്റക്ക് നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മോഷണശ്രമം പരാജയപ്പെടുത്താന്‍ സ്ത്രീ തന്റെ സര്‍വ്വശക്തിയുപയോഗിച്ച് പ്രതിരോധിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്. ''ഒരു വീട്ടില്‍ മൂന്ന് പുരുഷന്മാര്‍ അതിക്രമിച്ചു കയറി, പക്ഷേ ധീരയായ ഒരു സ്ത്രീ ധൈര്യം കാണിച്ചു'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്. 

മുഖംമറച്ചെത്തിയ മൂന്ന് കള്ളന്മാരാണ് മതില്‍ ചാടിക്കടന്ന് വീട്ടിലേക്ക് എത്തിയത്.അവര്‍ പ്രധാന വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഉടന്‍ പ്രതികരിച്ച യുവതി അവരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു. അലറിവിളിച്ചുകൊണ്ട് അവര്‍ വാതില്‍ അകത്തുനിന്ന് ശക്തമായി തള്ളിപ്പിടിക്കുന്നതും കൊളുത്ത് ഇടുന്നതും ദൃശ്യത്തില്‍ കാണാം. പിന്നീട് സമീപത്തെ സോഫ വാതിലിനോട് ചേര്‍ത്തുവെച്ച് സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വീഡിയോയില്‍ യുവതിക്കൊപ്പം ഒരു കുട്ടിയെയും കാണാം. സഹായത്തിനായി ആരെയോ വിളിക്കുന്നതും നിലവിളിക്കുന്നതും വീഡിയോയില്‍ ഉടനീളം കേള്‍ക്കാം. 

വീട്ടമ്മയുടെ അതിശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് കള്ളന്മാര്‍ മടങ്ങുകയായിരുന്നു. വീട്ടിലേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ മുഖം തുണികൊണ്ട് മറച്ച മോഷ്ടാക്കള്‍ ഗേറ്റ് കടന്ന് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.  സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തു വന്നത്. കള്ളന്മാരെ പ്രതിരോധിച്ച അവരുടെ മന:സാന്നിധ്യത്തെ നിരവധി പേരാണ് പ്രശംസിച്ചത്. 

Content Highlights: Brave woman in Amritsar,fends off three burglars attempting to break into her home