ബിപിഎല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ അന്തരിച്ചു

ടി.പി.ജി നമ്പ്യാര്‍
ടി.പി.ജി നമ്പ്യാര്‍

ബെംഗളൂരു: ബിപിഎല്‍ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാര്‍ (96)  അന്തരിച്ചു. വ്യാഴാഴ്ച രാവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം.

മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ മരുമകനാണ്. 1963-ലാണ് അദ്ദേഹം ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുക്കുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. പിന്നീട് കമ്പനി ബി.പി.എൽ എന്ന് പുനർനാമകരണം ചെയ്തു 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു.

കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അസംബിള്‍ ചെയ്തിരുന്ന ചെറുയൊരു സംരംഭത്തില്‍നിന്നാണ് നമ്പ്യാരുടെ തുടക്കം. വിദേശ കമ്പനികളിലടക്കം ജോലിചെയ്ത അനുഭവ പരിചയവുമായാണ് അദ്ദേഹം സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. വളരെ വേഗം അദ്ദേഹം ഇന്ത്യയിലെ ടെലികോം - ഇലക്ട്രോണിക് ഉപകരണ നിര്‍മാണ രംഗത്ത് സാന്നിധ്യമുറപ്പിച്ചു. 1965-ലാണ് ഇംഗ്ലണ്ടിലെ ബിപിഎല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലും ബിപിഎല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്. മൂന്ന് ദശാബ്ദംകൊണ്ട് ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്ന മേഖലയില്‍ ബിപിഎല്‍ എന്നാം നിരയിലേക്ക് ഉയര്‍ന്നു. ജപ്പാനിലെ സാന്യോ അടക്കമുള്ള വമ്പന്‍ കമ്പനികളുമായി അദ്ദേഹം കൈകോര്‍ത്തിരുന്നു. 1998 ല്‍ 2500 കോടിയിലധികമായി കമ്പനിയുടെ വരുമാനം. കമ്പനിയുടെ ആസ്തികളും ഇക്കാലത്ത് കുതിച്ചുയര്‍ന്നു. 200 ഓളം ഉത്പന്നങ്ങള്‍ ഒരുകാലത്ത് ബിപിഎല്‍ വിപണിയില്‍ എത്തിച്ചിരുന്നു.

അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്. സംസ്ക്കാരം നാളെ ബെംഗളൂരു കൽപ്പള്ളി ശ്മശാനത്തിൽ.

Content Highlights: bpl founder tpg nambiar passes away