തത്തകളും വന്യജീവികൾ; നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.

നാഗ്പുർ: തത്തകളും ’വന്യജീവികളാ’ണെന്നും സംരക്ഷിത ജീവിവർഗങ്ങളാൽ പൗരർക്കുണ്ടാവുന്ന നാശത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഹിംഗി ഗ്രാമത്തിൽനിന്നുള്ള 70-കാരനായ മഹാദേവ് ഡേക്കാട്ടെ സമർപ്പിച്ച ഹർജിയിലാണ് നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊർമിള ജോഷി-ഫാൽകെ, നിവേദിത മെഹ്ത എന്നിവരുടെ ഉത്തരവ്.

2016 മേയിലാണ് സംഭവം. സമീപത്തുള്ള വന്യജീവി സങ്കേതത്തിൽനിന്ന് വന്ന കാട്ടുതത്തകൾ തന്റെ മാതളനാരകങ്ങൾ നശിപ്പിച്ചുവെന്നും നഷ്ടപരിഹാരം വേണമെന്നും കർഷകൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിച്ചില്ല. തുടർന്ന് കർഷകൻ കോടതിയെ സമീപിച്ചു.

സർക്കാർ ഉത്തരവുകൾപ്രകാരം കാട്ടാനകളും കാട്ടുപോത്തുകളും ഫലവൃക്ഷങ്ങൾ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം നൽകാനാകൂവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ, കർഷകർക്ക് സംഭവിച്ച നഷ്ടംപരിഹരിക്കുകയെന്നതാണ് അത്തരത്തിലുള്ള ഉത്തരവുകളുടെ ഉദ്ദേശമെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളിക്കളഞ്ഞു.

ചില വന്യജീവികൾ ഉണ്ടാക്കിയ നാശംമാത്രം പരിഗണിച്ച് മറ്റുള്ളവ ഉണ്ടാക്കിയനഷ്ടം അവഗണിക്കുന്നത് യുക്തിയല്ല. നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കേണ്ട ഒരാളെ ചില ജീവിവർഗങ്ങൾ സർക്കാർ പട്ടികയിലില്ലെന്ന കാരണത്താൽ അതിൽനിന്ന് ഒഴിവാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

തുടർന്ന് 200 മരങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന് മരമൊന്നിന് 200 രൂപവീതം സർക്കാർ നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.

സംരക്ഷിത ജീവിവർഗങ്ങളാലുണ്ടാകുന്ന നഷ്ടത്തിന് കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാത്തപക്ഷം അവർ വന്യജീവികൾക്കുനേരേ ക്രൂരമായ നടപടികളെടുക്കാൻ സാധ്യതയുണ്ടെന്നും അത് നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: Bombay High Court recognizes wild parrots as protected wildlife for compensation purposes. Government must compensate farmers for crop destruction regardless of species list. Court ordered 200 rupees per tree compensation for a farmer in Wardha district. Ruling aims to prevent farmers from taking retaliatory actions against wildlife.