ടാറ്റാ ട്രസ്റ്റ്‌സിന് തിരിച്ചടി; ടാറ്റാ സൺസിന്റെ നിർണായക ബോർഡ് യോഗം മാറ്റിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

മുംബൈ: ടാറ്റാ സൺസിന്റെ ബോർഡ് യോഗം മാറ്റിവെക്കണമെന്ന ടാറ്റാ ട്രസ്റ്റ്‌സിന്റെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അഭയ് അഹൂജയാണ് ടാറ്റാ ട്രസ്റ്റ്‌സിന്റെ ആവശ്യം തള്ളിയത്.
ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള നിർണായക ബോർഡ് യോഗം മാറ്റിവെക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. തിങ്കളാഴ്ചയാണ് യോഗം നടക്കുക.

അതേസമയം, യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ അടുത്ത വാദം 2027 ജനുവരി 21-ന് നടക്കും.

സെപ്റ്റംബർ 17-ന് ടാറ്റ സൺസ് ബോർഡ് പാസാക്കിയ പ്രമേയമാണ് തർക്കത്തിന് കാരണം. എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്കു കൂടി എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിക്കാനായിരുന്നു തീരുമാനം. 2027 ഫെബ്രുവരി 21 മുതൽ പുതിയ കാലാവധി ആരംഭിക്കാനാണ് നിർദേശം. ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള ടാറ്റ ട്രസ്റ്റ്സ് ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ ഭരണഘടനയായ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ (എഒഎ) 104 ബി, 121 എന്നീ വകുപ്പുകൾ ലംഘിച്ചാണ് പ്രമേയം പാസാക്കിയതെന്നാണ് ട്രസ്റ്റ്സിന്റെ വാദം.

സെപ്റ്റംബർ 17-ലെ ബോർഡ് യോഗത്തിൽ 4-1 എന്ന വോട്ടിനാണ് പ്രമേയം പാസായത്. എന്നാൽ, എൻ. ചന്ദ്രശേഖരൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ടാറ്റ ട്രസ്റ്റ്സ് നാമനിർദേശം ചെയ്ത ഡയറക്ടർ നോയൽ ടാറ്റ പ്രമേയത്തെ എതിർത്തപ്പോൾ വേണു ശ്രീനിവാസൻ അനുകൂലിച്ചു. ഹരീഷ് മൻവാനി തന്റെ നിർണായക വോട്ട് ഉപയോഗിച്ചാണ് പ്രമേയം പാസാക്കിയതെന്നാണ് ടാറ്റ ട്രസ്റ്റ്സിന്റെ പ്രധാന ആരോപണം. ഇത്തരം തീരുമാനങ്ങൾക്ക് ട്രസ്റ്റ്സ് നാമനിർദേശം ചെയ്ത ഡയറക്ടർമാരിൽ ഭൂരിപക്ഷത്തിന്റെ അനുകൂല വോട്ട് വേണമെന്നും ചെയർമാന്റെ നിർണായക വോട്ട് ഉപയോഗിച്ച് ഇത് മറികടക്കാനാവില്ലെന്നും ടാറ്റ ട്രസ്റ്റ്‌സ് വാദിച്ചു. 65 കോടി രൂപ നഷ്ടപരിഹാരവും ട്രസ്റ്റ്സ് ഹർജികളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ടാറ്റ ട്രസ്റ്റ്സിനുവേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും ആസ്പി ചിനോയിയും കോടതിയിൽ ഹാജരായി. നവംബർ 30-ലെ യോഗം നടത്തരുതെന്നും മാറ്റിവെക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. ബോർഡ് യോഗത്തിലെ നിർണായക വോട്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണവും അഭിഭാഷകർ ഉന്നയിച്ചു. നോയൽ ടാറ്റയ്ക്കുവേണ്ടി മുകുൾ റോഹത്ഗിയും ജനക് ദ്വാരകദാസും ഹാജരായി. ടാറ്റ സൺസിനും എൻ. ചന്ദ്രശേഖരനും വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് വാദിച്ചത്.

നവംബർ 30-ലെ യോഗം മാറ്റിവെച്ചാൽ റിസർവ് ബാങ്ക് (ആർബിഐ) നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി സമർപ്പിക്കാൻ കമ്പനിക്ക് കഴിയില്ലെന്ന് ടാറ്റ സൺസ് കോടതിയെ അറിയിച്ചു. ഇത് പാലിക്കണമെങ്കിൽ ബോർഡ് യോഗം നിശ്ചയിച്ച ദിവസം തന്നെ നടക്കണമെന്നും കമ്പനി വാദിച്ചു. യോഗം മാറ്റിവെച്ചാൽ ആർബിഐ.യുടെ നിർദേശം പാലിക്കാൻ കഴിയില്ലെന്നും ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞു.

യോഗം മാറ്റിവെക്കാൻ നിയമപരമായ കാരണങ്ങളില്ലെന്നും ടാറ്റ ട്രസ്റ്റ്സ് സമർപ്പിച്ച അപേക്ഷകളിലൊന്നിലും യോഗം മാറ്റിവെക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിട്ടില്ലെന്നും സാൽവെ ചൂണ്ടിക്കാട്ടി. ആർബിഐയുടെ ലിസ്റ്റിങ് നിർദേശം നേരത്തേ നിലവിലുള്ളതാണ്. ടാറ്റ സൺസ് ഇതുവരെ ഈ നിർദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലിസ്റ്റിങ് നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോയാൽ 2027 സെപ്റ്റംബർ-നവംബർ മാസത്തോടെ ടാറ്റ സൺസിന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയാകാൻ കഴിയുമെന്നും സാൽവെ കോടതിയെ അറിയിച്ചു.

ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നിർദേശവും കോടതിയിലെ വാദത്തിനിടെ ചർച്ചയായി. കമ്പനിയെ പൊതുജനങ്ങൾക്ക് ഓഹരികൾ വാങ്ങാവുന്ന സ്ഥാപനമാക്കി മാറ്റാനുള്ള അന്തിമ തീരുമാനം എടുക്കണമെങ്കിൽ ഓഹരിയുടമകളുടെ അംഗീകാരം ആവശ്യമാണ്. കമ്പനിയിൽ 66 ശതമാനം ഓഹരിയുള്ള ടാറ്റ ട്രസ്റ്റ്സിന് ഈ തീരുമാനത്തിൽ നിർണായക പങ്കുണ്ടെന്നും ടാറ്റ സൺസിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇത്രയും വലിയ ഓഹരി പങ്കാളിത്തമുള്ള ട്രസ്റ്റ്സ് അസാധാരണ പൊതുയോഗം വിളിക്കുന്നതിനെ എതിർക്കുന്നത് എന്തിനാണെന്നും കമ്പനി ചോദിച്ചു.

Content Highlights: The Bombay High Court rejected Tata Trusts' plea to defer Tata Sons' November 30 board meeting on N. Chandrasekaran's executive chairmanship, ruling decisions remain subject to final verdict and listing Jan 21 next hearing.