'അത് സൗകര്യപ്രദമായ ഭാഷ'; ഹിന്ദി ദേശീയഭാഷയല്ലെന്ന അശ്വിന്റെ നിലപാടിനെ പിന്തുണച്ച് BJP നേതാവ് അണ്ണാമലൈ

ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥന അധ്യക്ഷന്‍ കെ. അണ്ണാമലൈ. അശ്വിന്‍ പറഞ്ഞത് ശരിയാണെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും പറഞ്ഞ അണ്ണാമലൈ അത് സൗകര്യപ്രദമായ ഭാഷയാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികഭാഷ മാത്രമാണെന്നും രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്.
'ശരിയാണ്. അത് നമ്മുടെ രാഷ്ട്രഭാഷയല്ല. എന്റെ പ്രിയസുഹൃത്ത് അശ്വിന്‍ മാത്രമല്ല, അണ്ണാമലൈയും അത് നിങ്ങളോട് പറയുകയാണ്. അത് രാഷ്ട്രഭാഷയല്ല. അതൊരു പാലമായി പ്രവര്‍ത്തിക്കുന്ന ഭാഷയാണ്. അതൊരു സൗകര്യപ്രദമായ ഭാഷയാണ്.' -അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെ കഴിഞ്ഞദിവസമാണ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ഹിന്ദി ഭാഷയെ കുറിച്ച് പരാമര്‍ശം നടത്തിയത്. അശ്വിന്റെ പരാമര്‍ശം പിന്നീട് ചര്‍ച്ചയാകുകയും ചെയ്തു.
താരത്തിനെതിരെ ചില ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ. പാര്‍ട്ടിയടക്കം കേന്ദ്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍പ് ആരോപിച്ചിരുന്നു.
Content Highlights: K Annamalai backs R Ashwin on Hindi remark: A language of convenience