‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; എം.എം. നരവനെയുടെ വിശദീകരണത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി

ന്യൂഡൽഹി: രാഷ്ട്രീയവിവാദത്തിന് വഴിവെച്ച തന്റെ ആത്മകഥയിലെ പരാമർശത്തിൽ കരസേനാ മുൻമേധാവി എം.എം. നരവനെ വിശദീകരണം നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി.
'ഒരിഞ്ചു ഭൂമിപോലും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് നരവനെ പറഞ്ഞുകഴിഞ്ഞു. രാഹുൽ ഗാന്ധി ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാൽ, ഇപ്പോൾ നരവനെ നിശ്ശബ്ദത അവസാനിപ്പിക്കുകയും രാഹുലിന്റെ കള്ളങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു, ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. 2020-ലെ ചൈനയുമായുണ്ടായ സംഘർഷവേളയിൽ സൈന്യത്തിന് രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെന്നും നരവനെയുടെ പരാമർശത്തെ ചൂണ്ടി പൂനാവാല അവകാശപ്പെട്ടു.
എൽഎസിയിലെ യഥാർഥ വസ്തുതകളെക്കുറിച്ചും ചൈനയുമായുള്ള അതിർത്തി സംഘർഷത്തെക്കുറിച്ചുമുള്ള ചോദ്യത്തിന്- എല്ലാ സംശയങ്ങളും ഒറ്റയടിക്ക് ദൂരീകരിക്കാൻ ചൈനയോട് ഒന്ന് ചോദിച്ചുനോക്കൂ ഈയടുത്ത് അവർക്ക് ഇന്ത്യൻ ഭൂപ്രദേശം എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന്, എന്നായിരുന്നു നരവനെയുടെ മറുപടി. ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തന്നെയും സായുധസേനയേയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തീർത്തും അന്യായമാണെന്നും നരവനെ പറഞ്ഞിരുന്നു. പിന്നാലെയാണ് രാഹുലിനെതിരേ കടുത്തവിമർശനവുമായി ബിജെപി രംഗത്തെത്തിയത്.
ഫെബ്രുവരിയിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’യിലേത് എന്ന് അവകാശപ്പെട്ടുള്ള ചില ഭാഗങ്ങൾ പരാമർശിക്കാൻ രാഹുൽ ഒരുങ്ങിയിരുന്നു. എന്നാൽ, പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കർ രാഹുലിനെ തടയുകയായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം അദ്ദേഹം പുസ്തകത്തിന്റെ ഒരു പതിപ്പുമായാണ് പാർലമെന്റിലെത്തിയത്.
Content Highlights: Former Army Chief MM Naravane refuted claims of losing Indian territory to China., BJP spokesperson Shehzad Poonawalla accused Rahul Gandhi of creating public confusion., Naravane emphasized that the armed forces received political support during the 2020 conflict., The controversy stems from Naravane's book 'Four Stars of Destiny' and its usage in parliamentary debates.