‘ബാലറ്റായാലും ഇവിഎമ്മായാലും രാഹുൽ ഗാന്ധി വട്ടപ്പൂജ്യം’; കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

#ന്യൂസ് ഡെസ്ക്
രാഹുൽ ​ഗാന്ധി | Photo: AFP
രാഹുൽ ​ഗാന്ധി | Photo: AFP

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും ഭരണകക്ഷിയായ കോൺഗ്രസ് തോറ്റതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബി.ജെ.പി. രംഗത്തെത്തി. രാഹുൽ ഗാന്ധി അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച ബി.ജെ.പി. നേതാവ് സുധാംശു ത്രിവേദി, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ (ഇ.വി.എം.) അദ്ദേഹം നടത്തുന്ന വിമർശനങ്ങളെ ചോദ്യംചെയ്തു.

വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, പേപ്പർ ബാലറ്റായാലും ഇ.വി.എം. ആയാലും കോൺഗ്രസ് തോൽക്കുമെന്നും രാഹുൽ ഗാന്ധി വലിയൊരു പരാജയമാണെന്നും ത്രിവേദി പരിഹസിച്ചു. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും വിദേശപര്യടനങ്ങൾ നടത്തുന്നതുകൊണ്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മടിപിടിച്ചിരിക്കുന്ന സ്വഭാവം ഉപേക്ഷിക്കൂ, വോട്ട് മോഷണമെന്ന മുദ്രാവാക്യം താനേ നിലച്ചോളും’ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം. നാല് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മൂന്ന് സീറ്റുകളിലും സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ) ഒരു സീറ്റിലും വിജയിച്ചു. ഒക്ടോബർ 23-നായിരുന്നു നാല് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. വോട്ടിങ്ങിനായി പേപ്പർ ബാലറ്റുകളാണ് ഉപയോഗിച്ചിരുന്നത്.

പേപ്പർ ബാലറ്റ് തിരഞ്ഞെടുപ്പിലെ ഫലം ഇ.വി.എമ്മിനെതിരെയുള്ള കോൺഗ്രസിന്റെ വാദങ്ങളെ തുറന്നുകാട്ടുന്നുവെന്ന് ബി.ജെ.പി. വ്യക്തമാക്കി. പേപ്പർ ബാലറ്റ് ഉപയോഗിച്ച് നടന്ന മത്സരത്തിലെ പരാജയം ഇ.വി.എമ്മിനെതിരെയുള്ള കോൺഗ്രസിന്റെ വിമർശനങ്ങളെ ദുർബലപ്പെടുത്തിയെന്ന് ബി.ജെ.പി. ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും പറഞ്ഞു. പേപ്പർ ബാലറ്റിൽ 28 എം.എൽ.സി. തിരഞ്ഞെടുപ്പുകൾ നടന്നിട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല എന്ന് 'എക്സ്' പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ഭണ്ഡാരി പറഞ്ഞു.

അതേസമയം, തോൽവിയോട് പ്രതികരിച്ച കോൺഗ്രസ്, എസ്.ഐ.ആർ. പ്രക്രിയ ഭരണകക്ഷിയെ സഹായിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു.

Content Highlights: BJP leaders slammed Rahul Gandhi after Congress suffered a complete defeat in all four seats during the Karnataka Legislative Council elections, which used paper ballots instead of EVMs.