‘ആര് ആരെ എവിടെ തടഞ്ഞു? പ്രചരിപ്പിക്കുന്നത് കള്ളം’; റാലിക്കെത്തുന്നവരെ തടയുന്നെന്ന ആരോപണത്തിൽ രാഹുലിനെതിരേ ബിജെപി

#ന്യൂസ് ഡെസ്‌ക്
അമിത് ഷാ, രാഹുൽ ഗാന്ധി | Photo: PTI, ANI
അമിത് ഷാ, രാഹുൽ ഗാന്ധി | Photo: PTI, ANI

ന്യൂഡൽഹി: ഇന്ത്യാസഖ്യത്തിന്റെ റാലിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം കള്ളമാണെന്ന് ബിജെപി. കള്ളമല്ലെങ്കിൽ ആരോപണം സാധൂകരിക്കുന്ന തെളിവ് രാഹുൽ കാണിക്കണമെന്നും ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.

നവംബർ ഒന്നാംതീയതി ഇന്ത്യസഖ്യം ഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കാൻ ആളുകൾ ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നെന്നായിരുന്നു രാഹുലിന്റെ ആരോപണം. പിന്നാലെയാണ് ബിജെപി പ്രതികരണവുമായെത്തിയത്. കള്ളം പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഹുൽ അവസാനിപ്പിക്കണമെന്നും വാർത്താസമ്മേളനത്തിൽ പത്ര  കൂട്ടിച്ചേർത്തു.

ഞായറാഴ്ച രാംലീലാ മൈതാനത്ത് നടക്കുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ആളുകൾ ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ 'പരമാവധി ശ്രമിക്കുകയാണെന്നാണ്’ ഇന്ന് രാഹുൽ പറഞ്ഞത്. ‘ഞങ്ങളുടെ പാർട്ടി പ്രവർത്തകരെയും സാധാരണക്കാരെയും തടയുകയാണ്. രാംലീല മൈതാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ നിരീക്ഷിച്ചാൽ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകും. ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനാൽ വലിയ തോതിലുള്ള പ്രതിഷേധവും വേദനയുമുണ്ട്’ രാഹുൽ പറഞ്ഞു.

‘ആരെയാണ് തടഞ്ഞതെന്ന് സംബിത് പത്ര ചോദിച്ചു. ആര് ആരെ എവിടെ തടഞ്ഞു? തെളിവ് കാണിക്കൂ’, അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക പരസ്യവിചാരണ ഇന്ന് നടക്കാത്തതിന് കാരണം പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അനൈക്യമാണെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് സംഘടനാപരമായ ശേഷിക്കുറവുണ്ട്. അതുകൊണ്ടാണ് അവർക്ക് പ്രതീകാത്മക പാർലമെന്റ് നടപടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടിവന്നതെന്നും സംബിത് പത്ര പറഞ്ഞു.

Content Highlights: BJP strongly rejects Rahul Gandhi's allegations against Amit Shah regarding the opposition rally., Sambit Patra challenges Rahul Gandhi to provide evidence for the claims of blocking attendees., BJP highlights opposition disunity as the reason for postponing the symbolic public trial of the Chief Election Commissioner.