വനിതാ സംവരണ ബിൽ: NDA രാജ്യവ്യാപക പ്രതിഷേധത്തിന്; തിരഞ്ഞെടുപ്പു കളത്തിൽ പ്രചാരണായുധമാക്കും

#ന്യൂസ് ഡെസ്ക്
വനിതാ സംവരണ നിയമ ഭരണഘടനാ ഭേദഗതിബിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പ്രതിഷേധിക്കുന്നു | PTI
വനിതാ സംവരണ നിയമ ഭരണഘടനാ ഭേദഗതിബിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പ്രതിഷേധിക്കുന്നു | PTI

ന്യൂഡൽഹി : വനിതാ സംവരണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബി.ജെ.പി.യും എൻ.ഡി.എ.യും തീരുമാനിച്ചു. ബിൽ പരാജയപ്പെടുത്തിയതിൽ പാർലമെന്റ് വളപ്പിൽ എൻ.ഡി.എ. അംഗങ്ങൾ പ്രതിഷേധിച്ചു. എൻ.ഡി.എ. വനിതാ എം.പി.മാർ പാർലമെന്റിൽ പ്രത്യേക പ്രതിഷേധവും സംഘടിപ്പിച്ചു. ‘വനിതാ സംവരണം ഇല്ലാതാക്കിയതിൽ ലജ്ജിക്കൂ’ എന്ന് പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.

വനിതാ സംവരണ നിയമ ഭരണഘടനാ ഭേദഗതിബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഇര പരിവേഷത്തോടെ തിരഞ്ഞെടുപ്പു കളത്തിൽ പ്രചാരണായുധമാക്കാനായിരിക്കും ബി.ജെ.പി. നീക്കം. വനിതാ സംരക്ഷണബിൽ തങ്ങൾ കൊണ്ടുവന്നു, പ്രതിപക്ഷം തോൽപ്പിച്ചു എന്ന പ്രചാരണമായിരിക്കും ബി.ജെ.പി. മുദ്രാവാക്യം. ഭേദഗതിബിൽ വോട്ടിനിടും മുൻപ്‌ ആഭ്യന്തര മന്ത്രി അമിത് ഷാ സ്പീക്കർ ഓംബിർളയായും മന്ത്രി കിരൺ റിജുജു പ്രധാന മന്ത്രി നരേന്ദ്രമോദിയായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബില്ലിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

2029-ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ബംഗാൾ, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിൽ അജൻഡയാക്കാനും ലക്ഷ്യമിട്ടാണ് തിടുക്കത്തിൽ സർക്കാർ വനിതാ സംവരണ ഭേദഗതി ബില്ലുമായി രംഗത്തെത്തിയത്.

പ്രതിപക്ഷ എതിർപ്പ് വനിതാ സംവരണത്തോട് -അമിത് ഷാ

വനിതകൾക്ക് ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിൽ സന്തോഷിക്കുന്ന കോൺഗ്രസിന്റെ മനോഭാവം രാജ്യത്തിനുവേണ്ടിയോ വനിതകൾക്കുവേണ്ടിയോ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ പാസാക്കാൻ പ്രതിപക്ഷം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

തത്ത്വങ്ങൾ ഏറെ നിരത്തുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പ് നിയമം നടത്തിപ്പിനോടല്ല, വനിതാ സംവരണത്തോടാണെന്ന് അദ്ദേഹം ലോക്‌സഭയിൽ വനിതാസംവരണഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.

വനിതാസംവരണത്തെ എതിർക്കുന്നവർ രാജ്യത്തെ നാരീശക്തിയുടെ പ്രതിഷേധവും രോഷവും നേരിടേണ്ടിവരും. കേവലം രാഷ്ട്രീയമല്ല മോദിസർക്കാരിന്റെ ലക്ഷ്യം, ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ആനുപാതികപ്രാതിനിധ്യം നടപ്പാക്കേണ്ടതുണ്ട്. അത് യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുസംവരണം പ്രായോഗികമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ‘‘മുസ്‌ലിം സംവരണം നടപ്പാക്കാനാകില്ല. പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം വേണമെന്ന് ആവശ്യപ്പെടുന്നവർ ആ വിഭാഗത്തിന് എന്താണ് നൽകിയത്? പ്രധാനമന്ത്രി പിന്നാക്കക്കാരനാണ്.

പിന്നാക്കവിഭാഗത്തിൽനിന്ന് 26 കേന്ദ്രമന്ത്രിമാരുണ്ട്. രാഷ്ട്രപതി ആദിവാസിവിഭാഗത്തിൽനിന്നാണ്. പിന്നാക്കവിഭാഗകമ്മിഷന് ഭരണഘടനാപദവി നൽകിയതും മോദിസർക്കാരാണ്’’ -ഷാ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റേത് സ്ത്രീവിരുദ്ധ സഖ്യം - നിതിൻ നബീൻ

കോൺഗ്രസിന്റേത് സ്ത്രീവിരുദ്ധ സഖ്യമാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആരോപിച്ചു.‘‘ഇന്നത്തെ ദിവസം സുവർണാക്ഷരങ്ങളിൽ എഴുതപ്പെടേണ്ടതായിരുന്നു. എന്നാൽ, കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും സ്ത്രീവിരുദ്ധനിലപാട് കാരണം രാജ്യത്തെ പകുതിയിലധികം വരുന്ന സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു’’ -അദ്ദേഹം പറഞ്ഞു.

Content Highlights: NDA members stage nationwide protests against the opposition for blocking the Women's Reservation Bill., BJP plans to use the bill's failure as a key electoral narrative for the upcoming 2029 general elections., High-level consultations held between Amit Shah, Kiren Rijiju, and PM Modi prior to the vote., Strategic push aimed at influencing regional elections in West Bengal and Tamil Nadu.