'തിരഞ്ഞെടുപ്പിൽ BJP-യ്ക്കുണ്ടായ തിരിച്ചടിക്ക് കാരണം NCP സഖ്യം'; വിമർശനവുമായി ആർഎസ്എസ് അനുകൂല വാരിക

Photo: PTI
Photo: PTI

മുംബൈ: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം അജിത്ത് പവാറിന്റെ എന്‍.സി.പിയുമായുള്ള സഖ്യമാണെന്ന് ആര്‍.എസ്.എസ്. അനുകൂല വാരിക. അജിത്ത് പവാറിന്റെ എന്‍.സി.പിയുമായുള്ള സഖ്യം മഹാരാഷ്ട്രയിലെ ജനങ്ങളുടെ വികാരം ബി.ജെ.പിക്ക് എതിരാക്കിയെന്ന് വാരിക കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്സുമായി അടുത്തബന്ധമുള്ള 'വിവേക്' എന്ന മറാത്തി വാരികയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

മുംബൈ, കൊങ്കണ്‍, പടിഞ്ഞാറന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള 200 പേരെ ഉള്‍പ്പെടുത്തി അനൗദ്യോഗിക സര്‍വേ നടത്തിയാണ് വാരിക തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്‍.സി.പി. (അജിത്ത് പവാര്‍) സഖ്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി. അണികള്‍ക്കുപോലും അതൃപ്തിയുണ്ടെന്ന് വാരിക പറയുന്നു. 

'അജിത്ത് പവാറിന്റെ എന്‍.സി.പിയുമായി കൈകോര്‍ത്തതോടെ സംസ്ഥാനത്തെ ജനവികാരം പൂര്‍ണമായി ബി.ജെ.പിക്ക് എതിരായി. എന്‍.സി.പി. (അജിത്ത് പവാര്‍) കാരണം രാഷ്ട്രീയത്തിലെ കണക്കുകള്‍ എതിരായതോടെ പാര്‍ട്ടിയുടെ ഭാവിപരിപാടികളെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്', 'വിവേക്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്വന്തം പാര്‍ട്ടിയിലെ കഴിവുള്ളവരെ വളര്‍ത്തിക്കൊണ്ടുവരുന്ന പരമ്പരാഗതരീതി ഒഴിവാക്കി, പകരം മറ്റുപാര്‍ട്ടികളിലെ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്ന ബി.ജെ.പിയുടെ പ്രവണതയിലും വാരിക ആശങ്ക പ്രകടിപ്പിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തര ഏകോപനത്തിന്റേയും ബി.ജെ.പി. പ്രവര്‍ത്തകരെ ശക്തിപ്പെടുത്തേണ്ടതിന്റേയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ വാരിക, മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളും വിജയിച്ചത് ഇക്കാരണങ്ങളാലാണെന്നും വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 23 സീറ്റാണ് 2019-ല്‍ ബി.ജെ.പി. നേടിയത്. എന്നാല്‍ 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റെണ്ണം ഒമ്പതിലേക്ക് കൂപ്പുകുത്തി. യഥാര്‍ഥ എന്‍.സി.പി. എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയെഴുതിയ അജിത്ത് പവാര്‍ പക്ഷം എന്‍.സി.പിക്ക് മഹാരാഷ്ട്രയില്‍ ഒരു സീറ്റ് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. 

പ്രതിപക്ഷസഖ്യമായ മഹാവികാസ് അഘാഡി ഇത്തവണ 48-ല്‍ 30 സീറ്റും വിജയിച്ചു. 13 സീറ്റില്‍ കോണ്‍ഗ്രസും ഒമ്പത് സീറ്റില്‍ ശിവസേനയും (ഉദ്ധവ് താക്കറേ പക്ഷം) വിജയിച്ചപ്പോള്‍ എന്‍.സി.പി. (ശരദ് പവാര്‍ പക്ഷം) ഏഴുസീറ്റുകള്‍ നേടി.

Content Highlights: RSS-linked weekly blames alliance with Ajit Pawar-led NCP for BJP's poor show in LS polls