രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ബിജെപിയിൽ, എൻഡിഎ വളർന്നു, പ്രതിപക്ഷം തളർന്നു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും എൻ.ഡി.എ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, പ്രധാന പ്രതിപക്ഷ സഖ്യമായ ഇന്ത്യ (INDIA) മുന്നണിയുടെ അംഗസംഖ്യയിൽ വലിയ ഇടിവുമുണ്ടായി. രാജ്യത്തെ ആകെ 4,123 എം.എൽ.എമാരിൽ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തിൽ നിന്ന് 43.97 ശതമാനമായി ഉയർന്നുവെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്.

2024 പൊതുതിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് 1,532 എം.എൽ.എമാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 1,813 ആയി വർദ്ധിച്ചു. എൻ.ഡി.എ സഖ്യത്തിന്റെ ആകെ എം.എൽ.എമാരുടെ എണ്ണം 2,096-ൽ നിന്ന് 2,530 ആയി ഉയരുകയും ചെയ്തു. പശ്ചിമ ബംഗാളിലും അസമിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയമാണ് എൻ.ഡി.എയുടെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പുറമെ സഖ്യത്തിലെ വിള്ളലുകളും പ്രതിപക്ഷത്തിന് വലിയ ആഘാതമായി.

ഇന്ത്യ മുന്നണിയുടെ എം.എൽ.എ വിഹിതം 38.88 ശതമാനത്തിൽ നിന്ന് 24.52 ശതമാനമായി കുറഞ്ഞു. ആം ആദ്മി പാർട്ടി, ഡി.എം.കെ എന്നീ പ്രമുഖ പാർട്ടികൾ സഖ്യം വിട്ടത് ഇതിന് ആക്കം കൂട്ടി.കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോൺഗ്രസിന് 18 എം.എൽ.എമാരെ നഷ്ടപ്പെട്ടപ്പോൾ ഡി.എം.കെ, ആർ.ജെ.ഡി, എ.എ.പി എന്നീ പാർട്ടികൾക്ക് യഥാക്രമം 75, 51, 37 എം.എൽ.എമാരെ വീതം നഷ്ടമായി.

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വലിയൊരു പിളർപ്പിനെ അഭിമുഖീകരിക്കുകയാണ്. പാർട്ടിയിലെ വിമത നീക്കം ബിജെപിക്ക് പശ്ചിമ ബംഗാളിൽ കൂടുതൽ കരുത്ത് പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തൃണമൂൽ നേരിടുന്ന ഈ തകർച്ച പാർലമെന്റിലും ബിജെപിയുടെ നില ഭദ്രമാക്കാൻ സഹായിച്ചേക്കും. അതേസമയം ഇരുസഖ്യങ്ങളിലും ഉൾപ്പെടാതെ നിൽക്കുന്ന പാർട്ടികളിലെ എം.എൽ.എമാരുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ വർദ്ധിച്ചിട്ടുണ്ട്. ഇത് 7.79 ശതമാനത്തിൽ നിന്ന് 13.66 ശതമാനമായി ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content Highlights: BJP's MLA share rose from 37.16% to 43.97% post-2024 elections., NDA total MLA strength increased from 2,096 to 2,530., INDIA bloc's MLA share dropped significantly from 38.88% to 24.52%., Major losses for AAP, DMK, and RJD contributed to the opposition's decline., Independent/non-aligned MLAs increased from 7.79% to 13.66%.