'വന്ദേമാതരം ദേശീയഗാനം ആക്കണം, 'ജന ഗണ മന' ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാന്‍ ഉണ്ടാക്കിയത്' - ആവശ്യവുമായി ബിജെപി എംപി

ബെംഗളൂരു: ഇന്ത്യയുടെ ദേശീയഗാനം മാറ്റണം എന്ന ആവശ്യവുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി വിശ്വേശ്വര്‍ കഗേരി. 'ജനഗണമന' ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാന്‍ ഉണ്ടാക്കിയതാണെന്നും വന്ദേമാതരത്തെ ദേശീയഗാനം ആക്കണമെന്നുമാണ് വിശ്വേശ്വര്‍ കഗേരി പറഞ്ഞത്. കഗേരിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
കര്‍ണാടകയിലെ മുന്‍ സ്പീക്കര്‍ കൂടിയാണ് ഉത്തര കന്നടയില്‍ നിന്നുള്ള എംപിയായ കഗേരി. ഉത്തരകന്നടയില്‍ ഹൊന്നവറിൽ, ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു ചടങ്ങില്‍ വെച്ചാണ് കഗേരി വിവാദപരാമര്‍ശം നടത്തിയത്. ചടങ്ങില്‍ സംസാരിക്കവെ, വന്ദേമാതരത്തിനും ജനഗണമനയ്ക്കും തുല്യ സ്ഥാനമാണുള്ളതെന്ന് കഗേരി പറഞ്ഞു.
'ഞാന്‍ ചരിത്രം വീണ്ടും പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ല. വന്ദേമാതരം ദേശീയഗാനമാക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാന്‍ രചിച്ച ജനഗണമനയും, വന്ദേമാതരവും നിലനിര്‍ത്താന്‍ നമ്മുടെ പൂര്‍വ്വികര്‍ തീരുമാനിച്ചു. നമ്മള്‍ അത് അംഗീകരിച്ചു.' കഗേരി പറഞ്ഞു.
വന്ദേമാതരത്തിന് അര്‍ഹമായ കൂടുതല്‍ പ്രാധാന്യം ലഭിക്കണമെന്നും കഗേരി ആവശ്യപ്പെട്ടു. 'സ്വാതന്ത്ര്യ സമരത്തില്‍ വന്ദേമാതരം എന്ന ഗാനം നല്‍കിയ സംഭാവന നമുക്കെല്ലാവര്‍ക്കും പ്രചോദനമാകണം. അത് സ്‌കൂളുകളിലും കോളേജുകളിലും യുവാക്കളിലും ബഹുജനങ്ങള്‍ക്കിടയിലും എത്തണം.' കഗേരി പറഞ്ഞു.
കഗേരിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എംപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കഗേരിയുടെ പരാമര്‍ശം വാട്‌സ്ആപ്പ് ചരിത്രമാണെന്നാണ് കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് മന്ത്രി പ്രിയങ്ക് ഗാര്‍ഗെ പരിഹസിച്ചത്.
'ബിജെപിയുടെ ആശയത്തിന്റെ ഉറവിടമായ ആര്‍എസ്എസിന്റെ ഒരു 'വാട്ട്സ്ആപ്പ് ചരിത്ര പാഠം' ആണ് കഗേരിയുടെ വാദം.' കര്‍ണാടകയിലെ പഞ്ചായത്ത് രാജ്, ഐടി-ബിടി മന്ത്രി പ്രിയങ്ക് പറഞ്ഞു. 'ചരിത്രം വീണ്ടും പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എംപി പറയുന്നു. എന്നാല്‍, എല്ലാ ബിജെപി, ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും സ്വയംസേവകരും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുഖപ്രസംഗങ്ങള്‍ വായിച്ച് ചരിത്രം വീണ്ടും പരിശോധിക്കണമെന്ന് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു.' അദ്ദേഹം പറഞ്ഞു.
'ഭരണഘടനയെയും ത്രിവര്‍ണ്ണ പതാകയെയും ദേശീയഗാനത്തെയും അനാദരിക്കുന്ന വലിയ പാരമ്പര്യം ആര്‍എസ്എസിനുണ്ട്.' എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രവീന്ദ്രനാഥ ടാഗോര്‍ 1911-ല്‍ 'ഭാരതോ ഭാഗ്യോ ബിധാത' എഴുതിയെന്നും, അതിലെ ആദ്യത്തെ ശ്ലോകമാണ് ജനഗണമന ആയതെന്നും പ്രിയങ്ക് പറഞ്ഞു.
'1911 ഡിസംബര്‍ 27-ന് കല്‍ക്കട്ടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് ഇത് ആദ്യമായി ആലപിച്ചത്. അല്ലാതെ രാജകീയ ആദരസൂചകമായിട്ടല്ല. 1937-ലും 1939-ലും ടാഗോര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇത് 'ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്നവനെയാണ്' പ്രകീര്‍ത്തിക്കുന്നതെന്നും, 'ഒരിക്കലും ജോര്‍ജ് അഞ്ചാമനെയോ, ജോര്‍ജ് ആറാമനെയോ, മറ്റേതെങ്കിലും ജോര്‍ജിനെയോ ഉദ്ദേശിച്ചുള്ളതല്ല'. എന്നും പ്രിയങ്ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കുന്ന വിവരമനുസരിച്ച, 1875 നവംബര്‍ ഏഴിന് 'അക്ഷയ നവമി എന്ന പുണ്യ അവസരത്തില്‍' ആണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി 'വന്ദേമാതരം' എന്ന ഗാനം എഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നു.
Content Highlights: Karnataka Minister Kageri sparks debate on Vande Mataram`s prominence vs. Jana Gana Mana. Explore the history and significance of India`s national songs.