‘ഡല്‍ഹിയുടെ പേര് മാറ്റണം, നഗരത്തില്‍ പാണ്ഡവരുടെ പ്രതിമകള്‍ സ്ഥാപിക്കണം’; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി. ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്ക് എംപി പ്രവീൺ ഖണ്ഡേല്‍വാലാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയെ അതിന്റെ പുരാതനവും ചരിത്രപരവുമായ പേരായ ‘ഇന്ദ്രപ്രസ്ഥ’ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് എംപിയുടെ ആവശ്യം.
ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പേര് ‘ഇന്ദ്രപ്രസ്ഥ ജങ്ഷന്‍’ എന്നാക്കണമെന്നും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘ഇന്ദ്രപ്രസ്ഥാ വിമാനത്താവളം’ എന്നാക്കണമെന്നും പ്രവീണ്‍ ഖണ്ഡേല്‍വാല്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, നഗരത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ മഹാഭാരതത്തിലെ പാണ്ഡവന്മാരുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്നും ബിജെപി എംപി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡല്‍ഹിയെ തലസ്ഥാനമാക്കി മാറ്റിയതിനാണ് ഇത്തരമൊരു നടപടി കൈക്കൊള്ളേണ്ടതെന്നും കത്തിലുണ്ട്.
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പായിരിക്കും ഡല്‍ഹിയുടെ പുനര്‍നാമകരണമെന്നും പ്രവീണ്‍ ഖണ്ഡേല്‍വാല്‍ കത്തില്‍ പറയുന്നു.
Content Highlights: bjp mp seeks renaming of delhi