'നുണകൾ പ്രചരിപ്പിച്ച് മടുത്തു..കുറച്ചു ദിവസം വിയറ്റ്‌നാമിൽ കറങ്ങി വരാം';രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ച് ബിജെപി

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി, ബിജെപി പങ്കുവെച്ച വീഡിയോയില്‍നിന്ന് | Photo: AFP, X/BJP
രാഹുൽ ഗാന്ധി, ബിജെപി പങ്കുവെച്ച വീഡിയോയില്‍നിന്ന് | Photo: AFP, X/BJP

ന്യൂഡൽഹി: എസ്ഐആർ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര പോയത് രാഷ്ടീയ ആയുധമാക്കി ബിജെപി. രാഹുൽ നുണ പറഞ്ഞ് മടുത്തെന്നും ഇടവേളയെടുത്ത് പോയത് വിയറ്റ്നാമിലേക്കാണെന്നും ബിജെപി ആരോപിച്ചു. ‘നുണകൾ പ്രചരിപ്പിച്ച് മടുത്തു... കുറച്ചു ദിവസം വിയറ്റ്നാമിൽ കറങ്ങി വരാം, ആരറിയാനാണ്!’ എന്ന കുറിപ്പോടെ, രാഹുൽ വിമാനത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ബിജെപി ഔദ്യോഗിക 'എക്സ്' അക്കൗണ്ടിൽ പങ്കുവെച്ചു. ബ്ലൂ ടി-ഷർട്ടും എയർപോഡ്സും ധരിച്ച ഒരാൾ വിമാനത്തിൽ ഇരിക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.

എന്നാൽ ബിജെപി പുറത്തുവിട്ട വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയതെന്ന് കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സന്ദർശനത്തിന്റെ കൃത്യമായ വിവരങ്ങളോ സമയക്രമമോ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ യാത്രയെക്കുറിച്ച് വിവിധ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഗോവയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച 'ഗോയ് രാഖോൺ യാത്ര'യിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ വിദേശത്തേക്ക് പോയത്. 

നവരാത്രി, വിജയദശമി തുടങ്ങിയ വിശേഷാവസരങ്ങളിൽ രാജ്യത്ത് ഉണ്ടാകുന്നതിന് പകരം രാഹുൽ ഗാന്ധി വിദേശത്താണെന്നും ഇത് ഇന്ത്യൻ സംസ്കാരത്തോടും ആഘോഷങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ഗൗരവമില്ലായ്മയെയാണ് കാണിക്കുന്നതെന്നും ബിജെപി നേതാവ് ആർ.പി. സിങ് വിമർശിച്ചു. ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം വിശ്രമിച്ചും ആഘോഷിച്ചും ചെലവഴിക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Content Highlights: BJP criticized Rahul Gandhi for a private Vietnam trip amid ongoing SIR protests., A video of Gandhi traveling in business class was shared by BJP on X., The trip follows his participation in the Save Goa March ahead of assembly elections., The controversy unfolds while the INDIA bloc protests against alleged voter list revision irregularities.