രാംദാസിന്റെ 'പ്രതികാരം': ആറ് വര്‍ഷത്തിന് ശേഷം ഷൂ ധരിച്ച് BJP നേതാവ്; വീഡിയോ പങ്കുവെച്ച് ചൗഹാന്

ഭോപ്പാല്‍: 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രം കണ്ടവരാണ് നമ്മള്‍. അതിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം തന്റെ പ്രതികാരം തീര്‍ത്താല്‍ മാത്രമേ ചെരിപ്പ് ധരിക്കൂ എന്ന് ശപഥമെടുക്കുകയും അത് പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ, അതുപോലെ ശപഥമെടുത്ത ഒരാള്‍ തന്റെ വാക്ക് പാലിച്ചുകൊണ്ട് ആറ് വര്‍ഷത്തിന് ശേഷം ഷൂ ധരിച്ചിരിക്കുകയാണ്. പക്ഷേ സംഗതി പ്രതികാരമല്ല, രാഷ്ട്രീയമാണെന്ന് മാത്രം.
മധ്യപ്രദേശിലാണ് സംഭവം. ബി.ജെ.പിയുടെ അനൂപ് പുര്‍ ജില്ലാ അധ്യക്ഷന്‍ രാംദാസ് പുരിയാണ് ആറ് വര്‍ഷം മുമ്പ് ഷൂവിന്‍റെ പേരിൽ ശപഥമെടുത്തത്. മധ്യപ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ മാത്രമേ താന്‍ ഇനി ഷൂ ധരിക്കൂ എന്നായിരുന്നു 2017-ലെ അദ്ദേഹത്തിന്റെ ശപഥം.
എന്നാല്‍, 2018-ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. അന്ന് കോണ്‍ഗ്രസിലെ കമല്‍നാഥ് മുഖ്യമന്ത്രിയായി. എന്നാല്‍ 2020-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി. മധ്യപ്രദേശില്‍ അധികാരത്തിലെത്തി. പക്ഷേ, രാംദാസ് അന്ന് ഷൂ ധരിക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ 163 സീറ്റുകള്‍ നേടി ബി.ജെ.പി. വിജയിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന് പകരം മോഹന്‍ യാദവിനെയാണ് ഇത്തവണ ബി.ജെ.പി. മുഖ്യമന്ത്രിയാക്കിയത്.
ഇതോടെയാണ് ഷൂ ധരിക്കാന്‍ രാംദാസ് പുരി തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് രാംദാസ് വീണ്ടും ഷൂ ധരിച്ചത്. ഇതിന്റെ വീഡിയോ ശിവരാജ് സിങ് ചൗഹാന്‍ എക്‌സില്‍ പങ്കുവെച്ചു.
'കഠിനാധ്വാനിയായ, അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് രാംദാസ് പുരി ജി. ഷൂവോ ചെരിപ്പോ ധരിക്കുന്നത് അദ്ദേഹം 2017-ല്‍ ഉപേക്ഷിച്ചു. ആറ് വര്‍ഷമായി വേനല്‍, ശൈത്യം, വര്‍ഷം തുടങ്ങി എല്ലാ ഋതുക്കളിലും അദ്ദേഹം നഗ്നപാദനായി തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറിയിരിക്കുകയാണ്. ആ സ്ഥിതിക്ക് വീണ്ടും ഷൂ ധരിക്കാന്‍ ഞങ്ങളെല്ലാം അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു', ചൗഹാന്‍ പറഞ്ഞു.
Content Highlights: BJP Leader Wears Shoes After 6 Years. Former chief minister Shivraj Chouhan Shares Video.