'എന്നെ സ്പര്‍ശിക്കരുത്, ഞാനൊരു ആണാണ്'; സുവേന്ദു അധികാരിയുടെ പ്രസ്താവനയെ പരിഹസിച്ച് തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സുവേന്ദു അധികാരിയുടെ പ്രസ്താവന ട്രോളുകളിലുള്‍പ്പെടെ സാമൂഹികമാധ്യമങ്ങളിലും വന്‍തോതില്‍ പ്രചാരം നേടി.
"എന്റെ ശരീരത്തില്‍ സ്പര്‍ശിക്കരുത്. നിങ്ങളൊരു വനിതയാണ്, ഞാനൊരു പുരുഷനും". ഇതാണ് പ്രതിഷേധ മാര്‍ച്ചിനിടെ തന്റെ സമീപത്തെത്തിയ പോലീസ് ഉദ്യോഗസ്ഥയോട് അധികാരി പറഞ്ഞ വാക്കുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേക്കേറിയ സുവേന്ദു അധികാരിയെ കണക്കറ്റ് പരിഹസിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് സംഭവം ട്വീറ്റ് ചെയ്തത്. ബി.ജെ.പിയുടെ 56 ഇഞ്ച് നെഞ്ച് മോഡല്‍ തകര്‍ന്നു. ഈ ദിവസത്തെ പ്രഖ്യാപനം: എന്റെ ശരീരത്തില്‍ തൊടരുത്. ഞാന്‍ ഒരു പുരുഷനാണ്- തൃണമൂല്‍ ട്വീറ്റ് ചെയ്തു.
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തതിനെ തുടര്‍ന്ന് സുവേന്ദു അധികാരി, ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
Content Highlights: BJP Leader, Suvendu Adhikari, Remark, Mocked By Trinamool