റിങ്റോഡ്, വന്ദേഭാരത് സ്ലീപ്പർ, റെയിൽപാതകൾ.. ‘വികസിതകേരള’ത്തിന് ഡൽഹിയിൽ ഓഫീസ് തുറന്ന് BJP

#ന്യൂസ് ഡെസ്ക്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ പ്രധാന പ്രചാരണമുദ്രാവാക്യമായ 'വികസിതകേരള'വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പാർട്ടി കേരള ഘടകം ഡൽഹിയിൽ ലെയ്‌സൺ ഓഫീസ് തുറന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് 'വികസിതകേരളം' പദ്ധതിയുടെ ബ്ലൂപ്രിന്റ് സമർപ്പിച്ചതിനു പിന്നാലെയാണ് സൗത്ത് അവന്യൂവിൽ ഓഫീസ് തുറന്നത്.

നാലു വർഷത്തിനകം പൂർത്തിയാക്കേണ്ട പദ്ധതികളുടെ മുൻഗണനാക്രമം നിശ്ചയിച്ചാണ് ബ്ലൂപ്രിന്റ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഔട്ടർ റിങ് റോഡാണ്, ബ്ലൂപ്രിന്റിലെ ആദ്യയിനം. 'നമാമി ഗംഗാ' പദ്ധതിയുടെ മാതൃകയിൽ പമ്പ, പാർവതീപുത്തനാർ എന്നീ നദികളുടെ സംരക്ഷണ-പുനരുജ്ജീവന പദ്ധതി, നിലവിലെ തീവണ്ടിപ്പാതകൾ മൂന്നും നാലും വരിയാക്കൽ, സിഗ്നൽ പരിഷ്‌കാരം, വന്ദേഭാരത് സ്ലീപ്പർ തീവണ്ടി തുടങ്ങിയവയെല്ലാം ബ്ലൂപ്രിന്റിലുണ്ട്.

കേരളത്തിൽ പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിനും ദേശീയപാത, റെയിൽവേ വികസനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനും ഇടനിലയായി ബി.ജെ.പി.യുടെ ലെയ്‌സൺ ഓഫീസ് പ്രവർത്തിക്കും. കേന്ദ്രപദ്ധതികളുടെ ഗുണം ബി.ജെ.പി.ക്കുതന്നെ ലഭിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് പരിപാടി നടപ്പാക്കുന്നത്. മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനാണ് ഇതിന്റെ ചുമതല. ഏകോപനത്തിനും മേൽനോട്ടത്തിനുമായി ഡൽഹിയിലും കേരളത്തിലും ഉപസമിതികൾ രൂപവത്കരിക്കും.

മുഴുവൻ കേന്ദ്രമന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനും നടപ്പാക്കുന്നതുവരെ തുടർപ്രവർത്തനങ്ങൾ നടത്താനുമാണ് പറഞ്ഞിരിക്കുന്നത്. കേന്ദ്രപദ്ധതികളുടെ പ്രഖ്യാപനവും സർക്കാർ തീരുമാനങ്ങളും കേരളത്തിലെ നേതാക്കൾ പത്രസമ്മേളനത്തിലൂടെ അറിയിക്കണമെന്ന തീരുമാനവും ബി.ജെ.പി. എടുത്തിട്ടുണ്ട്. ബി.ജെ.പി.യുടെ ജില്ലാ, സംസ്ഥാന ഓഫീസുകളിൽ ലഭിക്കുന്ന നിവേദനങ്ങൾ കേന്ദ്രമന്ത്രാലയങ്ങൾക്കു കൈമാറുന്നതിനും ലെയ്‌സൺ ഓഫീസ് സംവിധാനം ഉപയോഗിക്കും.

Content Highlights: BJP Kerala unit opens a liaison office in South Avenue, Delhi., State President Rajeev Chandrasekhar submitted the Vikasitha Keralam blueprint to PM Narendra Modi., Projects include Thiruvananthapuram Outer Ring Road, river rejuvenation, and railway developments., Senior leader P.K. Krishnadas is assigned in charge of the liaison office.