ഫാൽത്തയിൽ BJP ഒരുലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ജയിച്ചു, തൃണമൂലിന് കിട്ടിയത് 7783 വോട്ടുകൾമാത്രം

#ന്യൂസ് ഡെസ്ക്ക്
ദേബാങ്ഷു പാണ്ഡ Photo - PTI
ദേബാങ്ഷു പാണ്ഡ Photo - PTI

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ കോട്ട തകർത്ത് ബി.ജെ.പി. സ്ഥാനാർഥി ദെബാംഗ്ഷു പാണ്ഡയ്ക്ക് പടുകൂറ്റൻ ജയം. 1.09 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാണ്ഡയുടെ വിജയം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി ജഹാംഗീർ ഖാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ അദ്ദേഹത്തിന്റെ പേരും ചിഹ്നവും നിലനിന്നു.

വിജയിച്ച ദെബാംഗ്ഷു പാണ്ഡ 1,49,666 വോട്ടുകൾ നേടിയപ്പോൾ, രണ്ടാമതെത്തിയ സി.പി.എം. സ്ഥാനാർഥി ശംഭുനാഥ് കുർമിക്ക് 40,645 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി അബ്ദൂർ റസാഖ് മൊല്ല 10,084 വോട്ടുകളുമായി മൂന്നാം ജഹാംഗീർ ഖാൻ 7,783 വോട്ടുകൾ നേടി നാലാമതുമെത്തി. 2011 മുതൽ തൃണമൂൽ കോൺഗ്രസ് കൈവശംവെച്ചിരുന്ന മണ്ഡലമാണിത്. 2021-ൽ 57 ശതമാനത്തിലധികം വോട്ട് നേടിയാണ് തൃണമൂൽ ഇവിടെ വിജയിച്ചിരുന്നത്.

നേരത്തേ ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതി ഉയർന്നിരുന്നു. ഇ.വി.എം. മെഷീനുകളിൽ പശയും മഷിയും പുരട്ടിയതായും വെബ് ക്യാമറ ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തിയതിനെത്തുടർന്ന് മണ്ഡലത്തിലെ 285 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയായിരുന്നു. മേയ് 21-ന് കനത്ത സുരക്ഷയിൽ നടന്ന പുനർവോട്ടെടുപ്പിൽ 87 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.

Content Highlights: Debangshu Panda (BJP) won by 1.09 lakh votes in Falta., TMC candidate Jahangir Khan slipped to fourth position., The victory marks the end of TMC's 15-year dominance in the region., The repoll followed Election Commission intervention due to EVM tampering allegations., Chief Minister Suvendu Adhikari credited the win to free and fair voting