‘രാഹുൽ എവിടെയെന്ന് ആർക്കുമറിയില്ല’; ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാചടങ്ങിലെ അസാന്നിധ്യത്തെ വിമർശിച്ച് BJP

#ന്യൂസ് ഡെസ്‌ക്
രാഹുൽ ഗാന്ധി | Photo: PTI
രാഹുൽ ഗാന്ധി | Photo: PTI

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത്  സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നതിനേക്കുറിച്ച് ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി ബിജെപി. രാഹുല്‍ ചടങ്ങ് ബഹിഷ്‌കരിച്ചതാണെന്നും ജനാധിപത്യ പാരമ്പര്യങ്ങളെ ആവര്‍ത്തിച്ച് അവമതിക്കുന്നയാളാണ് അദ്ദേഹമെന്നും ബിജെപി ദേശീയവക്താവ് സി.ആര്‍. കേശവന്‍ ആരോപിച്ചു.

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. അദ്ദേഹം എവിടെയാണെന്നും ഇത്രമേല്‍ പ്രാധാന്യമുള്ള ഭരണഘടനാപരമായ ചടങ്ങില്‍നിന്ന് അദ്ദേഹം എന്തുകൊണ്ട് വിട്ടുനിന്നുവെന്നും ആർക്കും അറിയില്ല, ബിജെപി വക്താവ് അമിത് മാളവ്യ സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ വിമര്‍ശിച്ചു.

അതിനിടെ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ ക്യാമ്പുകള്‍ തമ്മിലുള്ള ആഭ്യന്തരകലഹത്തില്‍ കര്‍ണാടക തിളച്ചുമറിയുകയാണ്. വ്യക്തമായ തീരുമാനം കൈക്കൊള്ളാനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തളര്‍ന്നുകിടക്കുകയാണ്. എന്തുകൊണ്ടാണിത്? കാരണം, എല്ലാം ആശ്രയിച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ്. അദ്ദേഹമാകട്ടെ, പ്രതിസന്ധി പരിഹരിക്കുന്നതില്‍ തീരെ താല്‍പര്യം പ്രകടിപ്പിക്കുന്നതായി തോന്നുന്നുമില്ല. അതേസമയം, പരസ്പരം നശിപ്പിക്കാനുള്ള പോരാട്ടത്തില്‍ കുടുങ്ങിക്കിടക്കുന്ന സര്‍ക്കാരിനു കീഴില്‍ കര്‍ണാടകയിലെ ജനങ്ങള്‍ നരകിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ ജനങ്ങള്‍ ദുരിതത്തില്‍, അമിത് മാളവ്യ കുറിപ്പില്‍ പറഞ്ഞു.

Content Highlights: bjp criticises rahul over his absence in cji oath taking ceremony