ഇന്ത്യസഖ്യത്തിന്റെ റാലിക്ക് മറുപടിനൽകാൻ BJP; ഒന്നാംതീയതി സിഖ് കലാപത്തിന്റെ ഇരകൾ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി

ന്യൂഡൽഹി: നവംബർ ഒന്നാംതീയതി ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാസഖ്യം സംഘടിപ്പിക്കുന്ന റാലിക്ക് മറുപടി നൽകാൻ ബിജെപി. അതിനായി, അന്നേദിവസം അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും.

1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകളും അതിൽ ബന്ധുക്കളെ നഷ്ടമായവരും റാലിയിൽ പങ്കാളികളാകുമെന്നാണ് വിവരം. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നയിക്കുന്ന റാലി, ഡൽഹിയിലെ ഹരിനഗർ പ്രദേശത്താണ് നടക്കുക. ഞായാറാഴ്ച രാവിലെ 11 മണിക്കാണ് ബിജെപി റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ ബിജെപി നേതാക്കളും സിഖ് വിഭാഗത്തിൽനിന്നുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും റാലിയുടെ ഭാഗമാകുമെന്ന് ഇന്ത്യാടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.

1984 ഒക്ടോബർ 31-ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ സിഖ് വിരുദ്ധകലാപത്തിന്റെ ഇരകളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിലൂടെ വിഷയത്തെ വീണ്ടും രാഷ്ട്രീയചർച്ചയിലേക്ക് കൊണ്ടുവരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. സിഖ് വിരുദ്ധകലാപത്തിന്റെ വാർഷികവേള കൂടിയാണ് നവംബർ ആദ്യദിനങ്ങൾ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കേയാണ് ബിജെപിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

Content Highlights: BJP is organizing a counter-rally in Harinagar on November 1 against the INDIA bloc's rally at Ramlila Maidan., Victims and families affected by the 1984 anti-Sikh riots will participate in the BJP rally., Union Minister Hardeep Singh Puri will lead the event., The move coincides with the death anniversary of Indira Gandhi and the 1984 riots, coming ahead of upcoming political milestones.