എട്ട് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; ഹർദീപ് സിങ് പുരി മന്ത്രിസ്ഥാനത്ത്നിന്ന് പുറത്തേക്കോ,പട്ടികയിലില്ല

ന്യൂഡൽഹി: വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എട്ട് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. ജാതിസമവാക്യങ്ങൾ പാലിച്ചുകൊണ്ടുള്ള സ്ഥാനാർഥി പട്ടികയിൽ രണ്ട് സ്ത്രീകളും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരിയും ബി.എൽ.വർമയും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര മന്ത്രിസഭയിൽ ഒരു പുനഃസംഘടനയ്ക്കുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാലാവധി കഴിയുന്ന മറ്റു സിറ്റിങ് എംപിമാരും പുതിയ പട്ടികയിൽ ഇല്ല.
മുൻ ലോക്സഭാംഗം പ്രിയങ്ക സിങ് റാവത്ത്, ഝാർഖണ്ഡ് ഗവർണർ സന്തോഷ് ഗാംഗോറിന്റെ മകൾ ശ്രുതി ഗാംഗോർ, ധർമ്മപാൽ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്ണ പാണ്ഡെ, രാം പ്രതാപ് സിങ് ചൗഹാൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.
ഉത്തർപ്രദേശിൽ പത്ത് രാജ്യസഭാ സീറ്റുകൾ ഒഴിവു വരുന്നുണ്ട്; ഇതിൽ എട്ടെണ്ണം നിലവിൽ ബിജെപിയുടെ കൈവശമാണുള്ളത്, സമാജ്‌വാദി പാർട്ടി (എസ്പി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എന്നിവരുടെ കൈവശമാണ് ഓരോ സീറ്റുകൾവീതം. നിലവിലെ അംഗസംഖ്യ അനുസരിച്ച് ഏഴ് സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചിട്ടുണ്ട്; എട്ടാമതൊരു സീറ്റ് കൂടി നേടാനുള്ള ശ്രമത്തിലാണ് അവർ.
ഒക്ടോബർ 16-നാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിലെയും ഉത്തരാഖണ്ഡിലെയും ഓരോ രാജ്യസഭാ സീറ്റിലേക്കും അന്ന് തന്നെ തിരഞ്ഞെടുപ്പ് നടക്കും. നവംബർ 25-നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും രാജ്യസഭാ അംഗങ്ങളുടെ കാലാവധി അവസാനിക്കുക. ബംഗാളിലെ രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രൺവീർ സിങ് ബിട്ടുവിനും ജോർജ് കുര്യനും സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.
Content Highlights: BJP announced 8 candidates for the Uttar Pradesh Rajya Sabha elections., The list includes two women and follows caste equations., Union Ministers Hardeep Singh Puri and B.L. Verma were dropped from the list., Elections for the vacant seats are scheduled for October 16.