നിയമസഭാ തിരഞ്ഞെടുപ്പ്: ബി.ജെ.പി ചെലവഴിച്ചത് 529 കോടി രൂപ; പകുതിയിലധികവും ബംഗാളിൽ, കേരളത്തിൽ 82 കോടി

ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബി.ജെ.പി 529.38 കോടി രൂപ ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട്. ഇതിൽ 54 ശതമാനത്തോളം തുക (286 കോടി രൂപ) പശ്ചിമ ബംഗാളിനുവേണ്ടി മാത്രമാണ് ചെലവഴിച്ചത്. അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ വിശദാംശങ്ങളാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.
പശ്ചിമ ബംഗാൾ 286 കോടി, അസം 96.26 കോടി, കേരളം 82.67 കോടി, തമിഴ്നാട്: 51.56 കോടി, പുതുച്ചേരി 11.89 കോടി എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ.
തിരഞ്ഞെടുപ്പ് കാലയളവിൽ ബി.ജെ.പിക്ക് ആകെ 1,494 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ബംഗാളിൽ പാർട്ടിയുടെ പൊതു പ്രചാരണങ്ങൾക്കായി 217.16 കോടിയും സ്ഥാനാർത്ഥികളുടെ ചെലവുകൾക്കായി 69.83 കോടിയുമാണ് ചെലവാക്കിയത്. ഇതിൽ 58.80 കോടി രൂപ സ്ഥാനാർത്ഥികൾക്ക് നേരിട്ട് കൈമാറിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഘട്ടം പൂർത്തിയായപ്പോൾ പാർട്ടിയുടെ കൈവശം 7,689.06 കോടി രൂപയാണ് ബാക്കിയുള്ളത്.
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും യാത്രാച്ചെലവുകൾ, പൊതുസമ്മേളനങ്ങൾ, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ എന്നിവയുടെ വിശദമായ സാമ്പത്തിക വിവരങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്. ഇതുപ്രകാരമുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചെലവ് പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ ചെലവുകൾക്ക് പരമാവധി തുകയുടെ പരിധിയില്ല.
Content Highlights: BJP spent a total of Rs 529.38 crore on assembly election campaigns across states., West Bengal received the highest share at Rs 286 crore, making up 54% of the total spending., State-wise breakdown includes Assam (Rs 96.26 cr), Kerala (Rs 82.67 cr), Tamil Nadu (Rs 51.56 cr), and Puducherry (Rs 11.89 cr)., BJP total income during the period was Rs 1,494 crore with a remaining balance of Rs 7,689.06 crore.