നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ; ഡൽഹിയിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ച് സംഘടനാ സംവിധാനത്തിൽ വിപുലമായ അഴിച്ചുപണി നടത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെയാണ് ഡൽഹി ബിജെപി അധ്യക്ഷനായി പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നിയമിച്ചത്. വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരമാണ് മൽഹോത്ര ഈ ചുമതലയേൽക്കുന്നത്.
ഹരിയാണയിൽ അർച്ചന ഗുപ്തയെയും പഞ്ചാബിൽ സർദാർ കേവൽ സിങ് ദില്ലണെയും പുതിയ സംസ്ഥാന അധ്യക്ഷന്മാരായി പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ബിജെപി എംഎൽഎയായ അഭിഷേക് ദേബ്റോയിയാണ് പുതിയ അധ്യക്ഷനായി നിയമിതനായത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ഈ പുതിയ നിയമനങ്ങൾക്ക് ഉടനടി പ്രാബല്യമുണ്ടാകും.
സംഘടനയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്കും സാധ്യതയുണ്ട്. പ്രത്യേകിച്ച് കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര ഡൽഹിയിൽ പാർട്ടി അധ്യക്ഷനാകുന്ന സാഹചര്യത്തിൽ മന്ത്രിസഭാ പുന:സംഘടനയും വൈകില്ല.
Content Highlights: BJP announces major organizational reshuffle, appointing Harsh Malhotra as Delhi unit president and new chiefs for Haryana, Punjab, and Tripura.