നില്‍ക്കക്കള്ളിയില്ലാതെ രാജി; ബിരേന്റെ നീക്കം നിരീക്ഷിച്ച് ബി.ജെ.പി.

ഇംഫാല്‍: മണിപ്പുരില്‍ നില്‍ക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രി സ്ഥാനം എന്‍. ബിരേന്‍ സിങ് രാജിവെച്ചതോടെ ഭാവി നടപടികളിലേക്ക് നീങ്ങി ബി.ജെ.പി.
ജനജീവിതം താറുമാറായ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താതെ ജനസമ്മിതിയുള്ള നേതാവിനെ കണ്ടെത്താനാണ് നീക്കം. സംസ്ഥാനചുമതലയുള്ള സംബിത് പത്ര, ഏതാനും പാര്‍ട്ടി എം.എല്‍.എ.മാരുമായി ഇംഫാലില്‍ ഹോട്ടല്‍ മുറിയില്‍ ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമായാണ്. സിങ്ങുമായി അകല്‍ച്ചയിലുള്ള മൂന്ന് എം.എല്‍.എ.മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
മെയ്ത്തി തീവ്രസംഘടനകളും സായുധസംഘടനകളും ഒപ്പമുള്ള ബിരേന്റെ അടുത്ത നീക്കത്തിനു മുന്‍പേ പുതിയ നേതൃത്വത്തെ മണിപ്പുരിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. മെയ്ത്തി വികാരം പുറത്തെടുത്ത് ജനങ്ങളെയും മെയ്ത്തി വനിതകളെയും വീണ്ടും തെരുവിലിറക്കാന്‍ ബിരേന് കഴിയും. ആരംഭായ് തെംഗോല്‍ എന്ന മെയ്ത്തി സംഘടനയുടെ പിന്തുണയും ബിരേന്‍ സിങ്ങിനുണ്ട്. അതിനാല്‍, കരുതലോടെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിനകത്തോ മറ്റെവിടെയെങ്കിലുമോ ബി.ജെ.പി. നിയമസഭാംഗങ്ങളുമായി കൂടുതല്‍ യോഗങ്ങള്‍ കേന്ദ്രനേതൃത്വം വിളിച്ചുചേര്‍ത്തേക്കും. ഓരോരുത്തരുടെയും മനസ്സ് അറിയാനാണ് ഈ നീക്കം.
തിങ്കളാഴ്ച കോണ്‍ഗ്രസ് കൊണ്ടുവരാനിരുന്ന അവിശ്വാസവോട്ടിലൂടെ മന്ത്രിസഭ പുറത്തുപോകേണ്ടിവരുന്നത് ഒഴിവാക്കാനായിരുന്നു രാജിയെന്നാണ് സൂചന. കുക്കി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ അവിശ്വാസം പാസായേക്കുമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ട് ബിരേന്‍ സിങ്ങിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.
അതിനിടെ, സംസ്ഥാനമൊട്ടാകെ സുരക്ഷ കര്‍ശനമാക്കി. സാന്‍ജെന്തോങ്, സിംഗ്ജമൈ, മൊയ്രാങ്ഖോം, കെയ്‌സാംപത്, കാംഗ്ല ഗേറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ കര്‍ശനസുരക്ഷയാണ്. കൂടുതല്‍ കേന്ദ്രസേനയെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്.
ബിരേന്റെ രാജിയെ സ്വാഗതംചെയ്ത മണിപ്പുര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മേഘചന്ദ്ര, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സൂചിപ്പിച്ചു. തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ബജറ്റ് സമ്മേളനം ബിരേന്റെ രാജിയോടെ ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ല റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കുക്കി-സോ സംഘടനയുടെ വക്താവ് ആവശ്യപ്പെട്ടു.
Content Highlights: bjp observes biren singh resignation