ബിൽക്കിസ് ബാനു കേസ്: കീഴടങ്ങാൻ നാലാഴ്ച സമയംതേടി പ്രതികളിലൊരാൾ സുപ്രീംകോടതിയിൽ

ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍. File Photo - PTI
ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍. File Photo - PTI

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജയിലിൽ കീഴടങ്ങാൻ നാലാഴ്ചത്തെ സമയംതേടി പ്രതികളിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. 11 പ്രതികളിലൊരാളായ ഗോവിന്ദഭായി നായിയാണ് ബുധനാഴ്ച സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.

കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ കീഴടങ്ങണമെന്നും വിധിച്ചത്. എന്നാൽ, വിധി വന്നതിനുപിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് 11 പ്രതികളെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്. 15 വർഷത്തോളം തടവനുഭവിച്ച പ്രതികളെ 2022 ഓഗസ്റ്റ് 10-ന് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഇതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന്‌ അധികാരമില്ലെന്നും പ്രതികൾ കീഴടങ്ങണമെന്നും സുപ്രീംകോടതി വിധിച്ചത്.

Content Highlights: Bilkis Bano Case Convict Moves Supreme Court Seeking 4 Weeks Extension Of Time To Surrender In Jail