15 സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ല; സമ്മർദവുമായി ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷി നേതാവ് ജിതന്‍ റാം മാഞ്ജി

ജിതൻ റാം മാഞ്ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo : AFP
ജിതൻ റാം മാഞ്ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo : AFP

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തെ ചൊല്ലി എൻഡിഎയിൽ അസ്വാരസ്യം തുടരുന്നു. ചിരാഗ് പസ്വാന്റെ എൽ.ജെ.പിക്ക് പുറമെ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും  (എച്ച്എഎം) എതിർപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. കുറഞ്ഞത് 15 സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ  തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് മാഞ്ജി പ്രഖ്യാപിച്ചത്. നിലവിൽ മാഞ്ജിയുടെ പാർട്ടിക്ക് നാല് സീറ്റാണ് നിയമസഭയിൽ ഉള്ളത്. നാൽപത് സീറ്റ് ലഭിക്കണം എന്നതാണ് ചിരാഗിന്റെ ആവശ്യം. അത് ലഭിക്കാത്തപക്ഷം ചിരാഗ് പ്രശാന്ത് കിഷോറിന്റെ പാർട്ടിയുമായി ചേർന്ന് മത്സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

മാഞ്ജിയെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.

പാർട്ടിയ്ക്ക് അംഗീകാരം ലഭിക്കുന്നതിനായി മാന്യമായ എണ്ണം സീറ്റുകൾ വേണമെന്നും ആവശ്യപ്പെട്ട എണ്ണം സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മാഞ്ജി പറഞ്ഞു. അതേസമയം എൻഡിഎയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന സീറ്റ് വിഭജന ചർച്ചകളിൽ തന്റെ പാർട്ടിയുടെ ആവശ്യം സംബന്ധിച്ച് വ്യക്തമായ സൂചന മാഞ്ജി നൽകിയിരുന്നു.

ബുധനാഴ്ച എക്സിലെ ഒരു പോസ്റ്റിൽ പ്രശസ്ത ഹിന്ദി കവി ദിനകറിന്റെ ക്ലാസിക് യുദ്ധകാവ്യമായ 'രശ്മിരഥി'യിലെ വരികൾ ചെറിയ മാറ്റത്തോടെ മാഞ്ജി കുറിച്ചു. മഹാഭാരതയുദ്ധം തടയാൻ ശ്രീകൃഷ്ണൻ നടത്തിയ അവസാന ശ്രമമാണ് രശ്മിരഥിയുടെ ഇതിവൃത്തം. 'ഞങ്ങൾക്ക് വെറും 15 ഗ്രാമങ്ങൾ തരൂ, ബാക്കിയെല്ലാം നിങ്ങൾ എടുത്തോളൂ. എച്ച് എഎമ്മിന് സന്തോഷമായിരിക്കും. സ്വന്തം ആളുകൾക്കെതിരെ വാളെടുക്കില്ല,' എന്നാണ് വരികളുടെ ഏകദേശ അർഥം. കവിതയിൽ ദിനകർ അഞ്ച് ഗ്രാമം എന്നാണ് എഴുതിയത് - അഞ്ച് പാണ്ഡവ സഹോദരന്മാർക്കായി അഞ്ച് ഗ്രാമങ്ങൾ. മാഞ്ജി ഇത് 15 എന്നാക്കി മാറ്റി.

നവംബറിൽ നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോർമുല എൻഡിഎ സഖ്യകക്ഷികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലഭ്യമായ വിവരമനുസരിച്ച്, ആകെയുള്ള 243 സീറ്റുകളിൽ ജെഡിയുവും ബിജെപിയും ഏകദേശം 100 സീറ്റുകളിൽ വീതം മത്സരിച്ചേക്കും. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് (റാം വിലാസ്) 24 സീറ്റുകളും മാഞ്ജിയുടെ പാർട്ടിക്ക് 10 സീറ്റുകളും ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിക്ക് ആറ് സീറ്റുകളും ലഭിച്ചേക്കാം.

Content Highlights: Bihar elections loom as HAM leader Jitan Ram Manjhi threatens to boycott if not given at least 15 seats. BJP chief Nadda intervenes amidst seat-sharing talks for the 243-member assembly.