പുറമേ ശാന്തം,എന്‍ഡിഎയില്‍ കനല്‍ പുകയുന്നു; ചിരാഗ് പാസ്വാന്‍ ഉപകരണമോ?

#ഗയയില്‍ നിന്ന് സി.പി. ശ്രീഹര്‍ഷന്‍
ബിഹാറിലെ എൻഡിഎ നേതാക്കൾ അമിത് ഷായ്‌ക്കൊപ്പം |ഫോട്ടോ:ANI
ബിഹാറിലെ എൻഡിഎ നേതാക്കൾ അമിത് ഷായ്‌ക്കൊപ്പം |ഫോട്ടോ:ANI

ചിരാഗ് പാസ്വാന്റെ ലോക്ജന്‍ ശക്തി പാര്‍ട്ടിക്ക് കിട്ടിയ വലിയ സീറ്റ് വിഹിതം മറ്റ് കക്ഷികളെ അസ്വസ്ഥപ്പെടുത്തിയതാണ് എന്‍ഡിഎയ്ക്ക് സീറ്റ് പ്രഖ്യാപനം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത്. ഔദ്യോഗികമായി സീറ്റുധാരണ പ്രഖ്യാപിക്കാതെ അങ്ങനെയവര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായി. പിടിച്ചുനില്‍ക്കാനുള്ള ഇടത്തിനായി സീറ്റെണ്ണം കൂട്ടിച്ചോദിച്ച ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് 6 സീറ്റിനാല്‍ തൃപ്തിപ്പെടേണ്ടി വന്നപ്പോഴാണ് 29 സീറ്റും കൊണ്ട് പാസ്വാന്‍ പോയത്. അതാരുടെ ചെലവില്‍?, പാസ്വാന്റെ തുടക്കം തൊട്ടുള്ള വിലപേശല്‍ നാടകവും അവസാനമുണ്ടായ നേട്ടവും ആരുടെ നാടകം?, ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും രാഷ്ട്രീയ ഭാവിക്കൊപ്പം ബിഹാറിലെ രാഷ്ട്രീയ നിരീക്ഷകരില്‍ ഇതുമിപ്പോള്‍ ചര്‍ച്ചയാണ്.

ബിജെപി കേന്ദ്രനേതൃത്വം എല്ലാവരെയും താല്‍ക്കാലികമായി അടക്കി നിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. പക്ഷേ, കൈവശമിരുന്ന അഞ്ച് സീറ്റുകള്‍ എല്‍ജെപിയിലേക്ക് കൈമാറാനുള്ള നീക്കത്തില്‍ നിതീഷ്‌കുമാറിന്റെ അസ്വസ്ഥത പരസ്യമായി.

തങ്ങള്‍ മത്സരിച്ചിരുന്ന മഹുവ സീറ്റ് എല്‍ജെപിക്ക് നല്‍കുന്നതില്‍ വിയോജിച്ചാണ് രാഷ്ട്രീയ ലോക്മോര്‍ച്ചയുടെ ഉപേന്ദ്ര കുശ്വാഹ അവസാനനിമിഷം വരെയും നിസ്സഹകരിച്ചുനിന്നത്. ഒടുവില്‍ അമിത്ഷാ നേരിട്ട് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹത്തെ മനംമാറ്റിയെടുത്തത്.

സോന്‍ബര്‍സ, രാജ്ഗിര്‍, മോര്‍വ, ഗായ്ഘട്ട്, മതിഹാനി സീറ്റുകളെ ചൊല്ലിയാണ് ജെഡിയുവും എല്‍ജെപിയും തമ്മിലെ തര്‍ക്കം. ഇതില്‍ രാജ്ഗിറും സോന്‍ബര്‍സയും മാതിഹാനിയും ജെഡിയുവിന്റെ സിറ്റിങ് സീറ്റുകളുമാണ്. എന്നാല്‍ ഈ അഞ്ചിനുമായുള്ള എല്‍ജെപി ആവശ്യത്തോടൊപ്പമാണ് ബിജെപി നിന്നത്. ജെഡിയു പക്ഷെ വിട്ടുകൊടുത്തില്ല. പല റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും ജെഡിയു വഴങ്ങിയില്ല.

എന്നാല്‍, ജെഡിയുവിനുള്ള മാനസിക പിന്തുണ, പത്ത് വര്‍ഷം മുമ്പ് ജെഡിയു വിട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച രൂപീകരിച്ച കേന്ദ്രമന്ത്രിയായ ജിതന്‍ റാം മാഞ്ചി ബുധനാഴ്ച 'മാതൃഭൂമി'യോട് സംസാരിക്കവെ തുറന്നു പറഞ്ഞു.

2020ല്‍ തനിച്ച് 100 സീറ്റുകളില്‍ മത്സരിച്ച ചിരാഗ് പാസ്വാന്റെ പാര്‍ട്ടി നേടിയത് ഒരു സീറ്റാണെങ്കിലും ജെഡിയുവിനെ തകര്‍ക്കുന്നതില്‍ വിജയിച്ചു. 43 സീറ്റുകളിലേക്ക് ജെഡിയു ഒതുങ്ങിയത് ചിരാഗിന്റെ രംഗപ്രവേശത്താലായിരുന്നു. ബിജെപി ഇത് തിരിച്ചറിയുുന്നു. ഇത്തവണ ചിരാഗിന് അമിതപരിഗണന ലഭിക്കുന്നതിന് പിന്നില്‍ പലതും മണക്കുന്നത് ഇതിനാലാണ്.

മഹാരാഷ്ട്രയില്‍ ശിവസേനയുടെ സ്വാധീനം തകര്‍ക്കാന്‍ ഏക്നാഥ് ഷിന്ദേയെ കരുവാക്കിയ അതേ തന്ത്രമാണോ ബിജെപിയുടേതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ക്കിടയിലെ ചോദ്യം. പ്രശാന്ത് കിഷോര്‍ ഇക്കുറി പ്രധാനപാര്‍ട്ടികളുടെ 'വോട്ടുവില്ലന്‍' ആകുമെന്ന് പറയുന്നത് പോലെയാണ്, ചിരാഗ് പാസ്വാനെപ്പറ്റി എന്‍ഡിഎയ്ക്കകത്തുള്ള അടക്കം പറച്ചിലും. ജെഡിയുവിനെ തീര്‍ക്കാനുള്ള ബിജെപിയുടെ കരുവാകുമോ, പാസ്വാന്‍?

ഈ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ്, ബിഹാറിലെ ഏറ്റവും താഴെത്തട്ടിലുള്ള ദളിത് വിഭാഗങ്ങളില്‍പെട്ട മുശാവര്‍ സമുദായാംഗം കൂടിയായ ജിതന്‍ റാം മാഞ്ചി മാതൃഭൂമിയോട് സംസാരിച്ചത്്. ജെഡിയുവിനെയും നിതീഷിനെയും ഏറെ പ്രകീര്‍ത്തിച്ച അദ്ദേഹം പാസ്വാനെയും അദ്ദേഹത്തിന് പിന്നിലെ 'ശക്തി'യെയും പറ്റി വ്യക്തതയോടെ സൂചിപ്പിച്ചു. പേര് പറഞ്ഞില്ലെന്ന് മാത്രം. ജെഡിയുവിന്റെ സീറ്റുകള്‍ എല്‍ജെപിയെടുത്താല്‍ അവരുടെ രണ്ട് സീറ്റുകളില്‍ തങ്ങള്‍ മത്സരിക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

അസംതൃപ്തിയോടെ, എന്നാല്‍ അച്ചടക്കം പാലിച്ച് മുന്നണിമര്യാദ പാലിക്കുന്നെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം. തിരഞ്ഞെടുപ്പിന് ശേഷവും ഈ അസ്വസ്ഥതയുടെ കനലുകളെരിയാനുള്ള സാധ്യത ബിഹാറിന്റെ രാഷ്ട്രീയമേഘത്തില്‍ ഉരുണ്ടുകൂടി നില്‍പ്പുണ്ടെന്ന് ചുരുക്കം:

ഗയയില്‍, മഗ്ധൂംപൂര്‍ എന്ന തീര്‍ത്തും ഉള്‍പ്രദേശത്തെ വളഞ്ഞുപുളഞ്ഞ ഊടുവഴികളിലൂടെ 30 കിലോമീറ്റര്‍ താണ്ടിയാലാണ് മഹ്കാര്‍ ഗ്രാമത്തിലെത്തുക. പട്ടികവര്‍ഗവിഭാഗത്തില്‍ പെട്ട മാഞ്ചി സമുദായക്കാര്‍ ഏറെയുണ്ടിവിടെ. അതിലെ തന്നെ ഉപവിഭാഗമായ മുശാവര്‍ സമുദായക്കാര്‍. കന്നുകാലികളെ വളര്‍ത്തിയും കൃഷി ചെയ്തും മീന്‍പിടിച്ചും ഉപജീവനം കഴിക്കുന്നവര്‍. മണ്ണ് കൊണ്ടും കല്‍ക്കെട്ടിലും തീര്‍ത്ത തേയ്്്ക്കാത്ത വീടുകളുണ്ട്.

മഹ്കാറിലെ ജിതന്‍ റാം മാഞ്ചിയുടെ വസതിയിലേക്കെത്തുമ്പോള്‍, ഇതൊരു കേന്ദ്രമന്ത്രിയുടെ വീടാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നില്ല. പ്രവേശനകവാടം കടന്നാലുടന്‍ കാലിത്തൊഴുത്താണ്. രണ്ട് പശുക്കള്‍. ഒരു ട്രാക്ടര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇത് മന്ത്രി കുറച്ചുകാലം മുമ്പ് വരെ ഓടിച്ചിരുന്നെന്ന് വീട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു. നാലരയോടെ എത്തി. അദ്ദേഹം 10 കിലോമീറ്റര്‍ ദൂരെയുള്ള ലഖിംസരായ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിന് പോയതായിരുന്നു. മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് ക്ഷീണിച്ചെത്തിയത് ആറ് മണിയോടെ. 80 വയസ്സായെങ്കിലും ചുറുചുറുക്കോടെ, അതുവരെ കാത്തിരുന്ന ഞങ്ങളോട് അദ്ദേഹം മനസ്സ് തുറന്നു:

ജിതന്‍ റാം മാഞ്ചി മാതൃഭൂമിയോട്:

താഴെത്തട്ടില്‍ കടുത്ത മത്സരമാണ് ബിഹാറില്‍. എന്‍ഡിഎയ്ക്ക് ഇത്തവണ എന്താണ് പ്രതീക്ഷ?

- എനിക്ക് തോന്നുന്നത്, ഇതുവരെയുള്ള അനുഭവപരിചയം വച്ച് ഇവിടെ മത്സരമേയില്ലെന്നാണ്. എന്‍ഡിഎ സഖ്യം ഉറപ്പായും മുന്നേറും. അതെങ്ങനെയെന്നാവും ചോദ്യം. ഒരു കാരണം, മുഖ്യകക്ഷിയായ ജെഡിയു നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ്. നിതീഷ് 20 കൊല്ലമായി മുഖ്യമന്ത്രിയാണ്. ഞാന്‍ 1980 മുതല്‍ എംഎല്‍എയായിരുന്നു. 8 തവണ എംഎല്‍എയായി. 2024ല്‍ ഗയയില്‍ നിന്ന് മത്സരിച്ച് പാര്‍ലമെന്റിലെത്തി. കേന്ദ്രമന്ത്രിയായി. ഇതിനിടയില്‍ പല മുഖ്യമന്ത്രിമാരെ ഞാന്‍ കണ്ടു. പല സംസ്ഥാന മന്ത്രിസഭകളുടെയും ഭാഗവുമായി. നിതീഷിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിനെതിരെ ഒരാരോപണവും പറയാനില്ല. അദ്ദേഹം അഴിമതിക്കാരനെന്ന് പറയാനാവില്ല. കുടുംബത്തിന്റെ തടവറയിലല്ല. ജാതീയതയുടെയും ആളല്ല. ഞാന്‍ ഏറ്റവും താഴെത്തട്ടിലുള്ള സമുദായാംഗമാണ്. പട്ടികജാതി വിഭാഗത്തിലെ മുശാവര്‍ വിഭാഗത്തില്‍ നിന്നുള്ളയാള്‍. 2014ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിനെതിരെ പല വിമര്‍ശനങ്ങളുയര്‍ന്നു. നിങ്ങള്‍ കാര്യശേഷിയില്ലാത്തയാളാണ്, മുഖ്യമന്ത്രി പദമൊഴിയണമെന്ന്. അദ്ദേഹം സമ്മര്‍ദ്ദത്തിലായി. അദ്ദേഹം പദവിയൊഴിഞ്ഞു. എല്ലാ എംഎല്‍എമാരും അഭ്യര്‍ഥിച്ചത്, നിങ്ങള്‍ തന്നെ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൂ എന്നാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജാതിക്കാരനെ മുഖ്യമന്ത്രിപദത്തിലേക്ക് നിയോഗിക്കാമായിരുന്നു. പണക്കൊഴുപ്പ് നോക്കി വന്‍തോക്കുകളെ നിര്‍ദ്ദേശിക്കാമായിരുന്നു. പക്ഷേ അദ്ദേഹം എന്നെയാണ് തിരഞ്ഞെടുത്തത്. ജിതന്‍ റാം മാഞ്ചി ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ളയാളാണെന്ന് ചിന്തിച്ചതിനാലാണത്. അതുകൊണ്ട് എന്നെ തിരഞ്ഞെടുത്തു, 2014 ജൂണ്‍ മുതല്‍ 2015 ഫെബ്രുവരി വരെ 9 മാസം ഞാന്‍ മുഖ്യമന്ത്രിയായി. അതിന് ശേഷം വീണ്ടും അദ്ദേഹമെത്തി. അദ്ദേഹം വളരെ നല്ല നിലയില്‍ സംസ്ഥാനത്തെ നയിച്ചു. നിതീഷ് കുമാര്‍ വരുന്നതിന് മുമ്പ് ബിഹാര്‍ ശരിക്കും ജംഗിള്‍രാജായിരുന്നു. കോടതി തന്നെയാണ് അങ്ങനെ വിശേഷിപ്പിച്ചത്, അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയല്ല. ക്രമസമാധാനനില പാടേ ഇല്ലാതിരുന്ന അവസ്ഥ. പക്ഷേ നിതീഷ് കുമാര്‍ വന്നതോടെ മാറി.

20 കൊല്ലത്തെ ഭരണത്തിനിടയില്‍ ഒരു ഭരണവിരുദ്ധവികാരം സംസ്ഥാനത്തുണ്ട്?

-ചില പ്രശ്നങ്ങളൊക്കെയുണ്ടാകാം. എങ്കിലും പൊതുവിലൊരു ഭരണവിരുദ്ധവികാരം ഇല്ലെന്നാണ് പറയാനാവുക. മുമ്പ് എന്റെ ഈ ഗ്രാമത്തില്‍ നിന്ന് പട്നയിലേക്ക് പോകാന്‍ മൂന്നര മണിക്കൂര്‍ വേണം, റോഡ്മാര്‍ഗം. ഇന്ന് റോഡ് വളരെ നന്നായി. രണ്ട് മണിക്കൂറിനകം എത്താനാവും.

 ഭരണകക്ഷി എംഎല്‍എമാരില്‍ നിരവധി പേര്‍ ഭരണവിരുദ്ധവികാരം നേരിടുന്നുണ്ട്?

-ഉണ്ടായിരിക്കാം. എല്ലാ വിരലുകളും ഒരുപോലെയാവില്ലല്ലോ. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. ഇവിടെ വൈദ്യുതിയുടെ കാര്യം നോക്കൂ. 1980ല്‍ ഞാന്‍ ആദ്യമായി എംഎല്‍എയായിരുന്നപ്പോള്‍ വെറും മൂന്നര-നാല് മണിക്കൂര്‍ മാത്രമായിരുന്നു വൈദ്യുതി കിട്ടിയിരുന്നത്. ബിഹാറിലെമ്പാടും 24 മണിക്കൂറുംവൈദ്യുതി മുടക്കമില്ലാതെ കിട്ടുന്നു. എന്റെ ഈ ഗ്രാമത്തില്‍ പോലും വൈദ്യുതി അടുപ്പുകളുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിയു 43 സീറ്റുകളിലേക്ക് ഒതുങ്ങിയല്ലോ?

- അന്ന് ചില ഗൂഢാലോചനകള്‍ നടന്നു. ആരാണ് ഗൂഢാലോചന നടത്തിയത് എന്നെനിക്ക് പറയാനാവില്ല (ചിരിക്കുന്നു). പക്ഷേ അത് നടന്നു. ഒരു പാര്‍ട്ടി അത്തരം സ്ഥാനാര്‍ഥികളെ ജെഡിയുവിനെതിരെ മത്സരിപ്പിച്ചു. ജെഡിയു ജയിക്കരുതെന്ന ലക്ഷ്യത്തോടെ. നിതീഷിനെ പരാജയപ്പെടുത്തുന്നതില്‍ ആ പാര്‍ട്ടി വിജയിച്ചു. നിതീഷിന്റെ കുറഞ്ഞത് 80 എംഎല്‍എമാരെയെങ്കിലും അത് ബാധിച്ചിട്ടുണ്ട്. ആര് ഗൂഢാലോചന നടത്തിയെന്ന് എനിക്ക് പറയാനാവില്ല.

എല്‍ജെപിയെ ആണോ ഉദ്ദേശിച്ചത്?

- എല്‍ജെപി ഉപകരണം മാത്രമായിരുന്നു. എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് വിജയിക്കാനായത്. 100ല്‍പ്പരം സീറ്റുകളില്‍ മത്സരിച്ചു. പക്ഷേ ജെഡിയുവിന്റെ നിരവധി എംഎല്‍എമാരെ പരാജയപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു.

ഇത്തവണ എല്‍ജെപിക്ക് 29 സീറ്റുകള്‍ നല്‍കി?

ഇതിന് പിന്നിലെന്തെന്ന് എനിക്ക് പറയാനാവില്ല. ചിലതൊക്കെയുണ്ട്, അത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആ രാഷ്ട്രീയം എനിക്ക് പറയാനാവില്ല. ക്ഷമിക്കണം. ഞാനെന്റെ പ്രവര്‍ത്തകര്‍ക്കായാണ് നിലകൊള്ളുന്നത്. അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് ഞാന്‍. നരേന്ദ്രമോദിയെയും നിതീഷ് കുമാറിനെയും ആണ് ഞാന്‍ വിലമതിക്കുന്നത്. അതിനാല്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യാനാണ് എല്ലാവരോടും അഭ്യര്‍ഥിക്കുന്നത്. ഞാന്‍ വളരെ താഴെത്തട്ടിലുള്ള, ഏറെ ദുരിതവും പ്രയാസങ്ങളും അനുഭവിച്ച് വളര്‍ന്നുവന്നയാളാണ്. അതുകൊണ്ട് എന്താണോ കിട്ടിയത് അതില്‍ ഞാന്‍ സംതൃപ്തനാകും. അതുകൊണ്ട് മാത്രമാണ് ആറ് സീറ്റുകളില്‍ ഞാന്‍ സമ്മതിച്ചത്. മറ്റേ കക്ഷിക്ക് ഒരുപാട് കിട്ടി, അതേപ്പറ്റി എന്തുപറയാനാണ് (ചിരിക്കുന്നു).

2020ല്‍ ചിരാഗ് പാസ്വാനെപ്പോലെയാണല്ലോ ഇപ്പോള്‍ പ്രശാന്ത് കിഷോറിന്റെ രംഗപ്രവേശം?

-നോക്കൂ, പ്രശാന്ത് കിഷോറിന് താഴെത്തട്ടില്‍ പ്രവര്‍ത്തനമില്ല. പണക്കൊഴുപ്പ് കൊണ്ടാണ്, 100കണക്കിന് പ്രവര്‍ത്തകരുണ്ട്. പെണ്ണുങ്ങളടക്കം. ഇതെല്ലാമുപയോഗിച്ച് ആളുകളെ സമീപിച്ച് പണവും മോട്ടോര്‍സൈക്കിളുമടക്കം വാഗ്ദാനം ചെയ്യുകയാണ്. 5000- 10000 രൂപ വരെ ശമ്പളം നല്‍കിയാണ് പ്രവര്‍ത്തകരെ വച്ചിരിക്കുന്നത്. ഇതുപയോഗിച്ചാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. എന്നാല്‍ വോട്ടിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, അത് ബിഹാറിലെ ജനതയാണ്. ഇവിടെ ജാതി, രാഷ്ട്രീയവും നോക്കിയേ ആളുകള്‍ വോട്ട് ചെയ്യൂ. ജന്‍ സുരാജ് പാര്‍ട്ടി ഏറെ സീറ്റുകളൊന്നും ലഭിക്കില്ല.

ഇത്രയും സീറ്റുകള്‍ കിട്ടിയില്ലെങ്കിലും വോട്ട് വിഭജിക്കില്ലേ, നഷ്ടം വരുത്തില്ലേ?

-തീര്‍ച്ചയായും നഷ്ടമുണ്ടാക്കും.

ജെഡിയുവിനാണോ ആര്‍ജെഡിക്കായിരിക്കുമോ?

-രണ്ട് കൂട്ടര്‍ക്കും നഷ്ടമുണ്ടാകും. എന്‍ഡിഎയുടേത് വോട്ടുകളില്‍ ഏറെയും മേല്‍ജാതിയുടേതാണ്. അവരുടേതും അതാണ്. അതിനാല്‍ ആ വോട്ടുകള്‍ വിഭജിച്ച് കൊണ്ടുപോകും. മഹാസഖ്യത്തിന് എങ്ങനെയെന്ന് വച്ചാല്‍, ബിജെപിയെ ഭയന്ന് മുസ്ലിങ്ങള്‍ ആര്‍ജെഡിക്കും മഹാസഖ്യത്തിനുമാണ് വോട്ട് ചെയ്യാറ്. പക്ഷേ വലിയ ശതമാനം ഇപ്പോള്‍ ജന്‍സുരാജിനൊപ്പവും ചേര്‍ന്നിട്ടുണ്ട്. അത് അവരെയും അപകടപ്പെടുത്തും. അതിനാല്‍ രണ്ട് കൂട്ടര്‍ക്കും പ്രശ്നമാണ്. പക്ഷേ, നമ്മുടെ നേട്ടമെന്ന് പറയുന്നത്, നിതീഷ് കുമാറിന്റെയും മോദിയുടെയും സര്‍ക്കാരിന്റെ നേട്ടങ്ങളിലൂടെ എല്ലാം എന്‍ഡിഎയുടെ ഭാഗത്തായി മാറും എന്നാണ് ഞാന്‍ കരുതുന്നത്.

താങ്കള്‍ നേരത്തേ പറഞ്ഞിരുന്നു, പാര്‍ട്ടിക്ക് അംഗീകാരം കിട്ടാന്‍ 15 സീറ്റ് വേണമെന്ന്?

-2015ല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ഞങ്ങളുടേത്. ഇപ്പോള്‍ 10 വര്‍ഷമായി. ഇപ്പോള്‍ നിയമസഭയില്‍ ഞങ്ങള്‍ക്ക് 4 എംഎല്‍എയും ഒരു എംഎല്‍സിയുമുണ്ട്. എംഎല്‍സിയായ ആള്‍ മന്ത്രിയുമാണ്. ഞങ്ങള്‍ രജിസ്റ്റേര്‍ഡ് പാര്‍ട്ടിയാണ്. അതുകൊണ്ട് പാര്‍ട്ടിക്ക് അവഹേളനമുണ്ടാകരുത്. വോട്ടര്‍പട്ടിക മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ നമുക്ക് കിട്ടുന്നില്ല. സംസ്ഥാനപദവിയില്ലാത്തതിനാലാണ്. രണ്ടാമത്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവിടെയെത്തി എല്ലാ പാര്‍ട്ടികളെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കുമ്പോള്‍ രജിസ്റ്റേര്‍ഡ് പാര്‍ട്ടിയായിട്ടും ഞങ്ങള്‍ക്ക് ക്ഷണമില്ല. ഇത് രണ്ടും ഞങ്ങള്‍ക്ക് അങ്ങേയറ്റം അപമാനമുണ്ടാക്കി. അതുകൊണ്ടാണ് എന്‍ഡിഎയില്‍ ആദ്യമേ ആവശ്യപ്പെട്ടത്, നിയമസഭയില്‍ ഞങ്ങള്‍ക്ക് മതിയായ മാന്യത കിട്ടുന്നതിനായി 7- 8 എംഎല്‍എമാരെങ്കിലും വേണം, അതുകൊണ്ട് ഇത്രയും സീറ്റുകള്‍ തരൂ എന്ന്. 2020ല്‍ 7 സീറ്റുകള്‍ കിട്ടി, നാലിടത്ത് ജയിച്ചു. 60 ശതമാനമാണ് സ്‌കോര്‍ റേറ്റ്. അതുകൊണ്ട് ഇത്തവണ 14- 15 സീറ്റുകള്‍ വേണമെന്ന് പറഞ്ഞു. പക്ഷേ നടന്നില്ല. ഞങ്ങള്‍ ഇതില്‍ സന്തുഷ്ടരല്ല. പ്രവര്‍ത്തകരും വളരെ അസന്തുഷ്ടരാണ്. എങ്കിലും ഞങ്ങള്‍ അച്ചടക്കമുള്ള പാര്‍ട്ടിയാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് രണ്ട് ലോക്സഭാ സീറ്റും ഒരു രാജ്യസഭാസീറ്റും തരുമെന്നാണ്. ആഭ്യന്തരമന്ത്രി അമിത്ഷാ നല്‍കിയ ഉറപ്പാണ്. പക്ഷേ ലഭിച്ചത് ഒരു സീറ്റാണ്. പക്ഷേ ഞങ്ങള്‍ ബഹളമൊന്നുമുണ്ടാക്കിയില്ല. ഒരു സീറ്റില്‍ മത്സരിച്ച് ജയിച്ചു, ഇന്നിപ്പോള്‍ കേന്ദ്രമന്ത്രിയാണ്. അന്നും അനീതി കാട്ടി, ഇത്തവണയും ചെയ്തു.

അനീതിയാണ് കാട്ടിയത്?

-അതെ. അനീതിയാണ്. പക്ഷേ ഇത് വീട്ടുകാര്യമാണ്. അല്ലാതെ റോഡിലിറങ്ങി വിളിച്ചുപറയില്ല. മോദിയും നിതീഷ്‌കുമാറും നല്ല നേതാക്കളാണ്.

ഇത്രയും സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നു...

അത് ഞങ്ങളുടെ പ്രവര്‍ത്തകരുടെ വികാരമായിരുന്നു. അവര്‍ക്ക് രോഷമുണ്ടായിരുന്നു. ഉപേന്ദ്ര കുശ്വാഹ പറഞ്ഞില്ലേ, നാമനിര്‍ദ്ദേശപത്രികേ സമര്‍പ്പണത്തിന് അവരുടെ പ്രതിനിധിയെ അയക്കില്ലെന്ന്. അതുകൊണ്ടാണ് അമിത്ഷാ അദ്ദേഹത്തെ വിളിപ്പിച്ചത്. നമ്മള്‍ക്ക് ആറ് സീറ്റുകള്‍ കിട്ടി. ആറും ജയിച്ച് ഞങ്ങള്‍ കരുത്ത് തെളിയിക്കും. എന്നിട്ട് മുന്നണി നേതൃത്വത്തിന് മറുപടി നല്‍കും.

എന്‍ഡിഎ എത്ര സീറ്റില്‍ ജയിക്കും?

-കൃത്യമായി പറയാനാവില്ലെങ്കിലും കഴിഞ്ഞ തവണ 74 സീറ്റുകള്‍ ബിജെപിക്കും 43 ജെഡിയുവിനും നാല് നമുക്കും കിട്ടി. 130 അങ്ങനെയെല്ലാം ചേര്‍ത്ത് കിട്ടി. 122 ആണ് കേവലഭൂരിപക്ഷം. ഏതാനും സ്വതന്ത്ര പിന്തുണയും കിട്ടി. ഇത്തവണ അങ്ങനെയാവില്ല. വ്യക്തമായി സഖ്യമുണ്ട്. ബിജെപി- ജെഡിയു മാജിക് നമ്പരായ 122 മറികടക്കും. 150നടുത്ത് ഉറപ്പായും കിട്ടും.

ജെഡിയുവും എല്‍ജെപിയും ഏതാനും സീറ്റുകളെ ചൊല്ലി തര്‍ക്കത്തിലാണ്?

- തര്‍ക്കമുണ്ട്. മുഖ്യമന്ത്രി തന്നെ ഇതില്‍ അങ്ങേയറ്റം രോഷാകുലനും അസ്വസ്ഥനുമാണ്. ഞങ്ങളും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വികാരത്തിനൊപ്പമാണ്. ഒരു പാര്‍ട്ടി മത്സരിക്കാന്‍ ധാരണയായ സീറ്റുകളില്‍ മറ്റൊരു പാര്‍ട്ടി അവകാശവാദമുന്നയിച്ചാല്‍ അതെങ്ങനെ അനുവദിച്ചുകൊടുക്കും. മറ്റേ പാര്‍ട്ടി (എല്‍ജെപി) ജെഡിയുവിന്റെ നാലോ അഞ്ചോ സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഞങ്ങളും അവരുടെ ബോധ്ഗയയിലും മഗ്ധൂംപൂരിലും സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. ഇതെന്റെ ഭീഷണിയാണ്.

Content Highlights: Chirag Paswan`s LJP`s high seat demand sparks tension within NDA in Bihar. JD(U) unhappy as BJP backs LJP.