സർക്കാർജോലികളിൽ 35 ശതമാനം സ്ത്രീസംവരണം; തിരഞ്ഞെടുപ്പിന് മുമ്പായി ബിഹാറിൽ വമ്പൻ പ്രഖ്യാപനം

നിതീഷ് കുമാര്‍ | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ
നിതീഷ് കുമാര്‍ | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ

പട്‌ന: സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സ്ത്രീസംവരണം സംബന്ധിച്ച് തീരുമാനമെടുത്തത്. 

ബിഹാറില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ 35 ശതമാനം സംവരണമാണ് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍പരിശീലനം നല്‍കാനും സംസ്ഥാനത്ത് യൂത്ത് കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ ജോലികളില്‍ വനിതാസംവരണം സംബന്ധിച്ചും പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 

കഴിഞ്ഞമാസം സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ തുകയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 400 രൂപയില്‍നിന്ന് 1100 രൂപയായാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത്. ജൂലായ് മുതല്‍ വര്‍ധിപ്പിച്ച തുക അര്‍ഹരായവര്‍ക്ക് ലഭിക്കുമെന്നും എല്ലാമാസവും പത്താംതീയതി പെന്‍ഷന്‍ അക്കൗണ്ടിലെത്തുമെന്നും മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞിരുന്നു. 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. ഇതിനുമുന്നോടിയായാണ് നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വനിതാസംവരണം ഉള്‍പ്പെടെയുള്ള വമ്പന്‍പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.  

Content Highlights: Bihar government announces 35% reservation for women in government jobs