മൻമോഹൻ സിങ്ങിന് സമൻസ് അയച്ച ഭരത് പരാശർ സുപ്രീംകോടതിയുടെ പുതിയ സെക്രട്ടറി ജനറലാകും

#ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ്
ഭരത് പരാശർ, മൻമോഹൻ സിങ് | Photo: nalsa.gov.in/officers/mr-bharat-parashar and PTI
ഭരത് പരാശർ, മൻമോഹൻ സിങ് | Photo: nalsa.gov.in/officers/mr-bharat-parashar and PTI

ന്യൂഡൽഹി: ഡൽഹി ജുഡീഷ്യൽ സർവ്വീസിൽ നിന്നുള്ള ഭരത് പരാശർ സുപ്രീംകോടതിയുടെ സെക്രട്ടറി ജനറൽ ആകും. നിലവിൽ ഡൽഹിയിലെ നിയമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഭരത് പരാശർ. കൽക്കരി അഴിമതിക്കേസുകൾ പരിഗണിച്ചിരുന്ന പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആയിരുന്നപ്പോൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭരത് പരാശർ സമൻസ് അയച്ചിരുന്നു.

പുണെ സ്വദേശിയായ അതുൽ മധുകർ കുർഹേകർ ആയിരുന്നു സുപ്രീംകോടതി സെക്രട്ടറി ജനറൽ. മഹാരാഷ്ട്ര ജുഡീഷ്യൽ സർവ്വീസിലേ ഉദ്യോഗസ്ഥനായിരുന്നു അതുൽ മധുകർ കുർഹേകർ. രണ്ട് മാസം മുമ്പ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രായം കഴിഞ്ഞുവെങ്കിലും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെടുക ആയിരുന്നു. 

ജുഡീഷ്യൽ ഓഫീസറെന്ന നിലയിൽ സുപ്രധാനമായ പല കേസുകളിലും ഭരത് പരാശർ വാദം കേട്ടിട്ടുണ്ട്. കൽക്കരി അഴിമതി കേസിൽ ഉന്നതരെ അന്വേഷണ പരിധിയിൽ കൊണ്ട് വരാത്തതിന് എതിരെ സി.ബി.ഐയെ രൂക്ഷമായി വിമർശിച്ചിരുന്നു. സി.ബി.ഐ. ഡയറ്കടർ രഞ്ജിത്ത് കുമാറിന് എതിരേ ഭരത് പരാശർ നടത്തിയ നിരീക്ഷണങ്ങൾ വലിയ ചർച്ച വിഷയമായിരുന്നു. സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജിയായിരുന്നപ്പോൾ ഭരത് പരാശർ മൻമോഹൻ സിങ്ങിനെതിരേ പുറപ്പടിവിച്ച ഉത്തരവ് പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

അഴിമതി കേസുകളിൽ മുൻ പ്രധാനമന്ത്രിമാർക്ക് സമൻസ് അയച്ചിട്ടുള്ള മൂന്ന് ജുഡീഷ്യൽ ഓഫീസർമാർ മാത്രമാണ് ഇത് വരെ ഉള്ളത്. ലഖുഭായ് പഥക് വഞ്ചന കേസ്, സെയിന്റ് കീത്ത്സ് കേസ്, ജെഎംഎം അഴിമതി കേസ് എന്നിവയിൽ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് സമൻസ് അയച്ച പ്രേം കുമാർ, അജിത് ഭാരിഹോക് എന്നിവരാണ് ഈ പട്ടികയിലെ മറ്റ് രണ്ട് പേർ.

Content Highlights: Bharat Parashar Appointed Supreme Court Secretary General