'ബിരിയാണി കഴിക്കാമെന്ന് പറഞ്ഞിട്ടും അവൻ പിന്തിരിഞ്ഞില്ല'; ചവിട്ടിമെതിച്ചു, ശ്വാസംകിട്ടാതെ പിടഞ്ഞു

അപകടമുണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ ദൃശ്യം | ഫോട്ടോ: പിടിഐ
അപകടമുണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ ദൃശ്യം | ഫോട്ടോ: പിടിഐ

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിക്കുംതിരക്കും കാരണമുണ്ടായ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. പ്രിയപ്പെട്ട ടീം 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത് ആഘോഷിക്കാനെത്തിയ പലരും അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ പകച്ചുപോയി. പലര്‍ക്കും തിക്കിലും തിരക്കിലും സാരമായി പരിക്കേറ്റു. തിക്കിലും തിരക്കിലും ഒപ്പമെത്തിയവരെ കാണാതായതിനെ തുടർന്ന് ആശുപത്രിയില്‍ തിരഞ്ഞുനടക്കുന്നവരെയും ബുധനാഴ്ച ബെംഗളൂരുവില്‍ കാണാനായി. 

11 പേര്‍ക്കാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബുധനാഴ്ചയുണ്ടായ അപകടത്തിൽ ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. 

ശ്വാസം കിട്ടിയില്ല, ഗുരുതരപരിക്ക്

വിരാട് കോലിയെയും പ്രിയപ്പെട്ട താരങ്ങളെയും നേരില്‍ക്കാണാനായുള്ള ആഗ്രഹവുമായാണ് കെആര്‍ പുരം സര്‍ക്കാര്‍ കോളേജിലെ ബി.കോം വിദ്യാര്‍ഥിയായ വേണു ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍, സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലുംതിരക്കിലും പരിക്കേറ്റ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ 21-കാരന്‍.

സ്റ്റേഡിയത്തിലെ ആറാംനമ്പര്‍ ഗേറ്റിലെത്തിയപ്പോള്‍ അകത്തുകയറാനുള്ള ടിക്കറ്റിനായി ആളുകള്‍ തിരക്കുകൂട്ടുന്ന കാഴ്ചയാണ് കണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ''പിന്നാലെ ആളുകള്‍ ബാരിക്കേഡിന് മുകളിലൂടെ ഓടി. എന്റെ ശരീരം ബാരിക്കേഡിനുള്ളില്‍ കുടുങ്ങി. സഹായത്തിനായി കരഞ്ഞുനിലവിളിച്ചിട്ടും ബഹളത്തിനിടെ ആരും കേട്ടില്ല. ജനക്കൂട്ടത്തിനിടെ നില്‍ക്കുമ്പോള്‍ ശ്വാസം പോലും കിട്ടാത്ത അവസ്ഥയായിരുന്നു. അവിടെനിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും തിക്കുംതിരക്കും കാരണം കഴിഞ്ഞില്ല. ഇതിനിടെ ബാരിക്കേഡ് കാലില്‍ വീണു. പിന്നീട് ഒരു പോലീസുകാരനാണ് രക്ഷിച്ചത്'', വിദ്യാര്‍ഥി പറഞ്ഞു. 

അപകടത്തില്‍പ്പെട്ടവരില്‍ പ്രതിശ്രുത വധൂവരന്മാരും

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രാഹുല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സ്‌റ്റേഡിയത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത കോഡ് കാണിച്ച് പ്രവേശിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍, സ്റ്റേഡിയത്തിന് പുറത്തുകാത്തുനില്‍ക്കുമ്പോള്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ് തിക്കുംതിരക്കുമായി. പെട്ടെന്നുണ്ടായ തള്ളലില്‍ രാഹുല്‍ നിലത്തുവീണു. 

പ്രതിശ്രുതവധുവിനും ഇവരുടെ സഹോദരിക്കും ഒപ്പമാണ് വിരാട് കോലിയുടെ കടുത്ത ആരാധകനായ രാഹുല്‍ സ്‌റ്റേഡിയത്തിലെത്തിയത്. അപകടത്തില്‍ നിലത്തുവീണ് പ്രതിശ്രുതവധുവിനും പരിക്കേറ്റു. നിലത്തുവീണ യുവതി ബോധരഹിതയായി. ഇവരുടെ ശരീരത്തില്‍ ചവിട്ടി ആളുകള്‍ കടന്നുപോയി. നിലത്തുവീഴുന്നതും ശരീരത്തിന് മേല്‍ നിറയെ ഷൂസുകള്‍ കണ്ടതെന്നും തനിക്ക് ഓര്‍മയുണ്ടെന്നായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ബോധരഹിതയായെന്നും യുവതി പറഞ്ഞു. 

സ്റ്റേഡിയത്തിന് പുറത്തെ തിരക്ക് കണ്ടപ്പോള്‍ യുവതി പ്രതിശ്രുതവരനായ രാഹുലിനെ അവിടെനിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ബിരിയാണി കഴിക്കാന്‍പോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചിട്ടും കടുത്ത ആര്‍സിബി ആരാധകനായ രാഹുല്‍ അവിടെനിന്ന് വരാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹത്തിന്റെ ക്രിക്കറ്റ് ഭ്രാന്ത് എത്രത്തോളമുണ്ടെന്ന് തനിക്കറിയാവുന്നതിനാല്‍ അതില്‍ അദ്ഭുതം തോന്നിയില്ലെന്നും യുവതി പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ വിവാഹം നടക്കാനിരിക്കെയാണ് രാഹുലും പ്രതിശ്രുതവധുവും ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍പ്പെട്ടത്. 

അതിനിടെ, ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഒരു യുവതി ബെംഗളൂരുവിലെ ആശുപത്രികളില്‍ കയറിയിറങ്ങുന്ന രംഗങ്ങളും ആളുകളില്‍ കണ്ണീര്‍പടര്‍ത്തി. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും ആശുപത്രികളിലൊന്നും ഭര്‍ത്താവിനെ കണ്ടെത്താനായില്ലെന്നും യുവതി കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. 

11 മരണങ്ങളില്‍ 11 എഫ്‌ഐആര്‍

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലുംതിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് 11 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉള്‍ക്കൊള്ളാവുന്നതിലും ഏറെപേര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് പ്രാഥമികനിഗമനം. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ പരിപാടിക്കായി മൂന്നുലക്ഷത്തോളം പേര്‍ എത്തിയെന്നാണ് നിഗമനം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

Content Highlights: A stampede at Bengaluru`s Chinnaswamy Stadium during an IPL celebration left 11 dead