ബെംഗളൂരു ബുൾഡോസർ നടപടി: പുനരധിവാസത്തിന് അർഹത 37 കുടുംബങ്ങൾക്ക്, മറ്റുള്ളവർ പുറത്ത് നിന്നെത്തിയത്

ബെംഗളൂരു: യെലഹങ്കയിലെ കോഗിലുവിൽ ബുൾഡോസർ നടപടി നേരിട്ടവരിൽ പുനരധിവാസപദ്ധതിപ്രകാരം വീട് ലഭിക്കാൻ അർഹതയുള്ളത് 37 കുടുംബങ്ങൾക്കുമാത്രം. റവന്യൂവകുപ്പ്, ഗ്രേറ്റ് ബെംഗളൂരു അതോറിറ്റി, ഹൗസിങ് കോർപ്പറേഷൻ എന്നിവർ ചേർന്ന് ഒടുവിൽ നടത്തിയ സർവേപ്രകാരം ഇവിടെ താമസിച്ചിരുന്നവരിൽ 37 കുടുംബങ്ങൾമാത്രമാണ് ബെംഗളൂരു സ്വദേശികൾ.
മറ്റുള്ളവർ നഗരത്തിന് പുറത്തുനിന്നുള്ളവരാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയിൽ ബെംഗളൂരുവിൽനിന്നുള്ളവരെമാത്രമായിരിക്കും പരിഗണിക്കുകയെന്നാണ് സർക്കാർവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ബംഗ്ലാദേശിൽനിന്ന് അനധികൃതമായി രാജ്യത്തെത്തിയവർ അടക്കമുള്ളവരാണ് സർക്കാർഭൂമി കൈയേറി താമസിച്ചിരുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇവർക്കും സർക്കാർ ഫ്ലാറ്റ് നൽകുന്നെന്നും ആരോപിച്ചിരുന്നു. കൈയേറ്റക്കാർക്ക് വീടുനൽകുന്നത് വ്യാപകവിമർശനത്തിന് കാരണമായതോടെയാണ് സർക്കാർരേഖകൾ പരിശോധിച്ചത്. ആദ്യസർവേയിൽ 90 കുടുംബങ്ങൾക്ക് വീടിന് അർഹതയുണ്ടെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, പിന്നീട് വിശദമായ പരിശോധനയിൽ 37 കുടുംബമായി കുറയുകയായിരുന്നു.
അവസാനം നടത്തിയ സർവേയിൽ ഉൾപ്പെടുത്തിയ 119 കുടുംബങ്ങളിൽ 118 കുടുംബങ്ങളിലുള്ളവർക്ക് ആധാർ കാർഡുണ്ടെന്ന് കണ്ടെത്തി. 102 കുടുംബങ്ങളിലുള്ളവർക്ക് വോട്ടർ തിരിച്ചറിയൽ കാർഡുണ്ട്. 77 കുടുംബങ്ങൾക്ക് റേഷൻ കാർഡും 63 കുടുംബങ്ങൾക്ക് വരുമാന സർട്ടിഫിക്കറ്റും 56 കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റുമുണ്ട്. ബെംഗളൂരുവിന് പുറത്തുള്ളവർ എല്ലാവരും കർണാടക സ്വദേശികളാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരു സ്വദേശികൾക്കുമാത്രമായിരിക്കും വീട് ലഭിക്കുക.
Content Highlights: Bengaluru`s Yelahanka bulldozer action sees 37 families qualify for resettlement. Learn who is eligible and the latest survey findings.