ബെംഗളൂരുവിൽ ശാസ്ത്രജ്ഞൻ ജീവനൊടുക്കിയനിലയിൽ; പിന്നിൽ ജോലിസമ്മർദമെന്ന് കുടുംബം

ബെംഗളൂരു: ബെംഗളൂരുവിൽ ശാസ്ത്രജ്ഞൻ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചനിലയിൽ. എയറനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസിയിൽ ജോലി ചെയ്യുന്ന ശരദ് കത്യാർ (47)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുദ്ധവിമാന പദ്ധതിയായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ2 പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. നിരന്തരമായ ജോലിസമ്മർദ്ദമാണ് ശരദിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
കഴിഞ്ഞ ഒരുമാസത്തിനിടെ കടുത്ത ജോലി സമ്മർദ്ദം കാരണം ശരദിന്റെ മാനസികാരോഗ്യം മോശം അവസ്ഥയിലായെന്നും തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിലെ വിദ്ഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്നും കുടുംബം പോലീസിനോട് പറഞ്ഞു. പരിശോധനയിൽ ശരദിന് വിഷാദാവസ്ഥയുള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ, വൈദ്യസഹായം തേടിയശേഷവും ജോലി സമ്മർദ്ദം തുടരുകയായിരുന്നെന്നും ഇവർ ആരോപിച്ചു.
ഒക്ടോബർ 21-ന് ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിൽ (നിംഹാൻസ്) മാനസികാരോഗ്യവിദഗ്ധന്റെ കൺസൾട്ടേഷനു വിധേയനായ ശരദിന് മരുന്നുകൾ നിർദേശിച്ചിരുന്നതായും കുടുംബം പറഞ്ഞു. അന്നേദിവസം വൈകീട്ട് 7.30-നും 8.00-നും ഇടയിലാണ് സംഭവം നടന്നത്. സീഗെഹള്ളിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയ്ക്കും അഞ്ചാം നിലയ്ക്കും ഇടയിലുള്ള ഗോവണിപ്പടിയിലെ ലാൻഡിംഗിലെത്തിയ ഇയാൾ, അവിടെയുണ്ടായിരുന്ന ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ശരദിനെ കുടുംബാംഗങ്ങളും മറ്റ് താമസക്കാരും ചേർന്ന് കെ.എസ്. ഹള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരദ് ജോലിസ്ഥലത്ത് കടുത്ത സമ്മർദം നേരിട്ടിരുന്നതായി അറിവില്ലെന്ന് എഡിഎയിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെ ഡയരക്ടർ കൃഷ്ണ രാജേന്ദ്ര അറിയിച്ചു. പദ്ധതികളുടെ സമയപരിധി പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിസമ്മർദമുണ്ടാകാമെങ്കിലും ജീവനക്കാർ പതിവിൽ കവിഞ്ഞ് ദീർഘനേരം ജോലിചെയ്യണമെന്ന് നിർബന്ധിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 22ന് സംഭവസ്ഥലം പരിശോധിച്ച അന്വേഷണസംഘം ശരദിന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. കുടുംബം നൽകിയ പരാതി പരിഗണിച്ച് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജോലിസമ്മർദം സംബന്ധിച്ച ആരോപണങ്ങൾ ഉൾപ്പെടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: Sharad Katiyar (47), a senior scientist at ADA, found dead in Bengaluru., Family alleged that severe work pressure regarding the LCA MK2 project drove him to take the step., The scientist was undergoing treatment for depression and consulted NIMHANS on the day of the incident., Police registered a case of unnatural death under Section 194 of the BNSS and are investigating.