ചോക്കലേറ്റ് നിർമിത ഇന്ത്യഗേറ്റ് മോദിക്ക് നൽകണമെന്ന് കരുതി, കഴിഞ്ഞില്ലെന്ന് ബെൽജിയം പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
ബെൽജിയം പ്രധാനമന്ത്രി ബാർട്ടും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും | Photo:PTI
ബെൽജിയം പ്രധാനമന്ത്രി ബാർട്ടും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും | Photo:PTI

ന്യൂഡൽഹി: പൂർണമായും ബെൽജിയൻ ചോക്കലേറ്റുകൊണ്ടു നിർമിച്ച ഇന്ത്യാഗേറ്റിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കണമെന്ന് കരുതിയിരുന്നതായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. എന്നാൽ, ഇന്ത്യയിലേക്കുള്ള യാത്രയെ ആ ചോക്കലേറ്റ് മാതൃക അതിജീവിച്ചില്ല. സമ്മാനിക്കായി ഉദ്ദേശിച്ചിരുന്ന മാതൃകയുടെ വേറൊരു പതിപ്പ് കേടുപാടൊന്നും ബെൽജിയത്തിലുണ്ടെന്നും അത് എത്തിച്ചുനൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ മൂന്നുദിവസത്തെ ഔദ്യോഗികസന്ദർശനത്തിനെത്തിയതാണ് ബാർട്ട്. മോദിയ്‌ക്കൊപ്പം ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സമ്മാനിക്കാൻ കഴിയാതെ പോയ ചോക്കലേറ്റ് ഗിഫ്റ്റിന്റെ കാര്യം ബാർട്ട് പങ്കുവെച്ചത്.

'പ്രധാനമന്ത്രി മോദിക്ക് ഉചിതമായൊരു സമ്മാനം നൽകാൻ ഞാൻ യഥാർഥത്തിൽ പദ്ധതിയിട്ടിരുന്നു. ഒന്നാംതരം ബെൽജിയൻ ചോക്കേലേറ്റുകൾ കൊണ്ട് നിർമിച്ച ഇന്ത്യാ ഗേറ്റിന്റെ ഒരു മാതൃക. എന്നാൽ, ഏകദേശം ഒരു നൂറ്റാണ്ടായി നിലകൊള്ളുന്ന യഥാർഥ ഇന്ത്യാഗേറ്റിൽനിന്ന് വ്യത്യസ്തമായി, അതിന്റെ ചോക്കലേറ്റ് മാതൃക ഇന്ത്യയിലേക്കുള്ള യാത്രപോലും അതിജീവിച്ചില്ല, ബാർട്ട് പറഞ്ഞു.

'നയതന്ത്രത്തിന് ചോക്കലേറ്റ് അത്യുത്തമമാണ്. എന്നാൽ, നയതന്ത്രയാത്രയ്ക്ക് അത്ര നല്ലതല്ല. അക്കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പക്ഷേ സാരമില്ല, മറ്റൊന്ന് ബെൽജിയത്തിലുണ്ട്. ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞാൻ അത് പ്രധാനമന്ത്രി മോദിക്ക് നൽകും. അത്തരമൊരു ആഗ്രഹവുമായാണ് ഞാൻ മടങ്ങുന്നത്’, ബെൽജിയം പ്രധാനമന്ത്രി പറഞ്ഞു. 

വ്യാപാരം, പ്രതിരോധസഹകരണം തുടങ്ങി വിവിധമേഖലകളിൽ ബെൽജിയവും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാർട്ടിന്റെ സന്ദർശനം. ഇരുപതുകൊല്ലത്തിനിടെ ഇതാദ്യമായാണ് ഒരു ബെൽജിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.

Content Highlights: Belgian Prime Minister Bart De Wever intended to gift a model of the India Gate made entirely of Belgian chocolate to Indian Prime Minister Narendra Modi, but it did not survive the journey to India.