റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

#ന്യൂസ് ഡെസ്ക്
പൊട്ടിത്തെറിയുണ്ടായ വീടിനുള്ളിലെ ദൃശ്യം
പൊട്ടിത്തെറിയുണ്ടായ വീടിനുള്ളിലെ ദൃശ്യം

ബെലഗാവി: വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ കർണാടകയിലെ ബെലഗാവിയിലുള്ള ചാവട്ട് ഗല്ലിയിലാണ് സംഭവം നടന്നത്.

റഫറിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടാകുകയും തീ അതിവേഗം വീടിനുള്ളിൽ കത്തിപ്പടരുകയും ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

വീടിനുള്ളിലുണ്ടായിരുന്നവർക്ക് പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോയതിനെത്തുടർന്നാണ് കുടുംബത്തിലെ നാല് പേർക്ക് ജീവൻ നഷ്ടമായത്.

ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് മരിച്ചത്. പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. റഫറിജറേറ്റർ പൊട്ടിത്തെറിക്കാനിടയായ കാരണം തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A refrigerator explosion caused a massive fire in a house in Chavat Galli, Belagavi., Four members of the Dhamone family lost their lives in the tragic incident., Two other individuals sustained severe injuries and are currently receiving hospital treatment., Police and fire services launched an investigation to determine the exact cause of the blast.