ബി.സി.സി.ഐ. ക്രിക്കറ്റിനായുള്ള സ്വകാര്യ സംഘടന, വിവരാവകാശ നിയമപരിധിയിൽ വരില്ല- വിവരാവകാശ കമ്മിഷൻ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | PHOTO: REUTERS
പ്രതീകാത്മക ചിത്രം | PHOTO: REUTERS

ന്യൂഡൽഹി: രാജ്യത്തെ ക്രിക്കറ്റ് ഭരണസംവിധാനമായ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ.) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര വിവരാവകാശകമ്മിഷൻ. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനുള്ള സ്വകാര്യ സംഘടനയാണിതെന്നും അത് വിവരാവകാശ നിയമത്തിൽ പറയുന്ന പൊതുസ്ഥാപന നിർവചനത്തിൽപ്പെടില്ലെന്നും വിവരാവകാശ കമ്മിഷണർ പി.ആർ. രമേശ് ഉത്തരവിൽ വ്യക്തമാക്കി.

ഭരണഘടനയ്ക്കുകീഴിലോ നിയമനിർമാണം വഴിയോ സർക്കാർ ഉത്തരവുവഴിയോ അല്ല ബി.സി.സി.ഐ. സ്ഥാപിക്കപ്പെട്ടതെന്ന് കമ്മിഷൻ നിരീക്ഷിച്ചു. തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമപ്രകാരം സ്ഥാപിതമായ സംഘടനയാണിത്. നേരിട്ടോ പരോക്ഷമായോ സർക്കാർ നിയന്ത്രിക്കുകയോ സാമ്പത്തികസഹായം നൽകുകയോ ചെയ്യുന്നില്ല. ഭരണകാര്യങ്ങളിലും ഭാരവാഹികളുടെ നിയമനത്തിലും സർക്കാരിന് പങ്കില്ല. പ്രക്ഷേപണാവകാശവും ടിക്കറ്റും വിറ്റും പരസ്യത്തിലൂടെയും സ്വന്തംനിലയ്ക്കാണ് ബി.സി.സി.ഐ. പണം കണ്ടെത്തുന്നത്. പൂർണ സ്വയംഭരണമുള്ള സ്വകാര്യ സ്ഥാപനമാണിത്.

സർക്കാരിന്റെ നാമമാത്രമേൽനോട്ടമുണ്ടെന്നത് സംഘടനയുടെ സ്വകാര്യസ്വഭാവം മാറ്റാൻ പര്യാപ്തമല്ലെന്നും കമ്മിഷൻ പറഞ്ഞു. ബി.സി.സി.ഐ.യ്ക്കുമേൽ സർക്കാർ നിയന്ത്രണം കൊണ്ടുവന്നാൽ പ്രത്യാഘാതം ഉണ്ടായേക്കാമെന്നും പതിനായിരക്കണക്കിന് കോടി രൂപയുടെ വരുമാനമുള്ള സംഘടനയാണിതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

ബി.സി.സി.ഐ.യുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ തേടിയ അപേക്ഷയിൽനിന്നാണ് കേസിന്റെ തുടക്കം. 2018-ൽ ബി.സി.സി.ഐ. വിവരാവകാശ നിയമത്തിനുകീഴിൽവരുന്നതാണെന്ന് അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മിഷണർ എം. ശ്രീധർ ആചാര്യലു ഉത്തരവിട്ടിരുന്നു. അതിനെതിരേ ബി.സി.സി.ഐ. മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സംഘടന വിവരാവകാശനിയമത്തിന്റെ പരിധിയിൽവരുമോയെന്ന് കമ്മിഷൻ വീണ്ടും പരിശോധിക്കാൻ കഴിഞ്ഞവർഷം ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നാണ് കമ്മിഷൻ വിഷയം പുനഃപരിശോധിച്ച് ഉത്തരവിറക്കിയത്.

Content Highlights: CIC declares BCCI is a private organization, not a public authority., BCCI does not fall under the definition of a public institution under the RTI Act., The board is funded through private revenue, not government grants., The ruling follows a Madras High Court directive to re-examine the 2018 order.