ബാറ്ററികൾ, ചങ്ങല, റേസർബ്ലേഡ്, സ്‌ക്രൂ... 14-കാരന്റെ വയറ്റിലുണ്ടായിരുന്നത് 65 വസ്തുക്കൾ; ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡല്‍ഹി: 14-കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 65 വസ്തുക്കള്‍. ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് വയറ്റിലുണ്ടായിരുന്നത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്‌തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സ്വദേശിയായ ആദിത്യ ശര്‍മ്മ എന്ന 14-കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ കാണിച്ചശേഷമാണ് ആദിത്യ ശര്‍മ്മയുടെ മാതാപിതാക്കള്‍ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തിയത്. 

കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വയറ്റിലുണ്ടായിരുന്ന വസ്തുക്കള്‍ കുട്ടി സ്വയം വിഴുങ്ങിയതാകാം എന്നാണ് അനുമാനിക്കുന്നത്. 

ഹാഥ്‌റസിലെ മെഡിക്കല്‍ റെപ്രസന്ററ്റീവാണ് ആദിത്യ ശര്‍മ്മയുടെ പിതാവ് സഞ്ചേത് ശര്‍മ്മ. ഒക്ടോബര്‍ 13-നാണ് മകന് ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആഗ്ര, ജയ്പുര്‍, അലിഗഢ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കുട്ടിയെ കാണിച്ചിരുന്നുവെന്നും കുട്ടിയുടെ ഉള്ളില്‍ നിന്ന് ചില വസ്തുക്കള്‍ ഇവിടങ്ങളില്‍നിന്ന് പുറത്തെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Content Highlights: Batteries, chains, screws: 65 objects in stomach kill 14-yr-old Hathras boy