രാജ്യം നക്‌സൽമുക്തമായ ശേഷമുള്ള ആദ്യ ദീപാവലി; CRPF ജവാൻമാർക്കൊപ്പം പ്രധാനമന്ത്രി, പ്രതിപക്ഷത്തിന് വിമർശനം

ബസ്തർ(ഛത്തീസ്ഗഡ്): രാജ്യത്തെ ഓരോ ജില്ലയും നക്‌സൽ മുക്തമായതിന് ശേഷമുള്ള ആദ്യ ദീപാവലി പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ആഘോഷിച്ചു. ഛത്തീസ്ഗഡിലെ ബസ്തറിൽ എത്തിയ പ്രധാനമന്ത്രി, 2026-ലെ ദീപാവലി നക്‌സലിസത്തിനും മാവോയിസ്റ്റ് ഭീകരതയ്ക്കും എതിരായ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലെ ചരിത്രപരമായ വിജയമാണെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡ്യൂട്ടിക്കിടെ ഒരു സി.ആർ.പി.എഫ് (CRPF) ജവാന് പോലും ജീവൻ നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. 47 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നതെന്നും ഇത് സർക്കാരിന്റെ നയങ്ങളുടെയും സുരക്ഷാ സേനയുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ആഭ്യന്തര സുരക്ഷാ ഭീഷണികളെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി രാജ്യത്ത് ശക്തമായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ തന്ത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയുമാണ് രാജ്യം ഈ പോരാട്ടത്തിൽ വിജയം കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2004 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ നക്‌സലൈറ്റുകളേക്കാൾ കൂടുതൽ കൊല്ലപ്പെട്ടത് രാജ്യത്തെ സുരക്ഷാ സേനാംഗങ്ങളായിരുന്നുവെന്ന് മുൻ സർക്കാരുകളുടെ നിലപാടുകളെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അക്കാലത്തെ സർക്കാരുകൾ നക്‌സലിസത്തെ ചികിത്സയില്ലാത്ത രോഗമായി കണ്ട് അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
2010-ൽ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട ദാരുണമായ സംഭവം അദ്ദേഹം അനുസ്മരിച്ചു. ഛത്തീസ്ഗഡിൽ മാത്രം മുൻകാലങ്ങളിൽ ആയിരത്തിലധികം സുരക്ഷാ സേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അക്കാലത്ത് സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കൾ ആരുംതന്നെ സൈനികർക്കായി ശബ്ദമുയർത്തിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
140 കോടി ഭാരതീയർക്ക് വേണ്ടിയാണ് താൻ ബസ്തറിലെത്തിയതെന്നും സൈനികരുടെ ത്യാഗത്തിനും സേവനത്തിനും രാജ്യത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കാക്കുന്ന സൈനികരെപ്പോലെതന്നെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന സുരക്ഷാ സേനയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: In Bastar, Modi joins CRPF for Diwali, celebrating a significant victory over Naxalism and acknowledging the sacrifices of security personnel.