ബിജെപിയുടെ ബങ്കിപുർ കോട്ട തകരുമോ? ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

#ന്യൂസ് ഡെസ്ക്
പ്രശാന്ത് കിഷോർ | Photo: PTI
പ്രശാന്ത് കിഷോർ | Photo: PTI

പാട്‌ന: ബിഹാറിലെ ബങ്കിപുർ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം. വോട്ടെണ്ണലിന്റെ പത്താം റൗണ്ട് പിന്നിട്ടപ്പോൾ, പ്രശാന്ത് കിഷോർ ആറായിരത്തിലേറെ വോട്ടുകൾ നേടി മുന്നിലാണ്. ബിജെപിയുടെ നീരജ് കുമാർ സിൻഹ തൊട്ടുപിന്നിലുണ്ട്. 31 റൗണ്ടുകളാണ് എണ്ണാനുള്ളത്. 

രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ആദ്യ തിരഞ്ഞെടുപ്പാണ് ബങ്കിപുരിലേത്. ജൻസുരാജ് പാർട്ടി സ്ഥാനാർഥിയായാണ് പ്രശാന്ത് കിഷോർ ജനവിധി തേടിയത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്. അതിനാൽതന്നെ യുവാക്കളുടെ നിലപാട് ഈ ഫലത്തിൽ നിർണ്ണായകമാകുമെന്ന് കരുതപ്പെടുന്നു.

ബിജെപി ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥി അഭിഷേക് കുമാർ സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം അപ്രതീക്ഷിതമായി പിന്മാറിയത് ബിജെപി ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിരുന്നു. തുടർന്നാണ് യുവജന വിഭാഗം നേതാവായ നീരജ് കുമാർ സിൻഹയെ ബിജെപി മത്സരിപ്പിച്ചത്. ആർജെഡി (RJD) സ്ഥാനാർത്ഥിയായി രേഖാ ഗുപ്തയും മത്സരരംഗത്തുണ്ട്.

ബിജെപിയുടെ ഉറച്ച കോട്ടയായാണ് ബങ്കിപുർ മണ്ഡലം അറിയപ്പെടുന്നത്. ഇതുവരെ ഒരു ബിജെപി സ്ഥാനാർത്ഥിയും ഇവിടെ പരാജയപ്പെട്ടിട്ടില്ല. പട്നയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ രീതിയിൽ വോട്ടർമാരുടെ പിന്തുണയും ശക്തമായ സംഘടനാ സംവിധാനവുമുണ്ട്. ദീർഘകാലം ബി.ജെ.പി. നേതാവ് നിതിൻ നബിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ബി.ജെ.പി. ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബങ്കിപുർ തിരഞ്ഞെടുപ്പ് ബിജെപി ഭരണത്തിനുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്ന് നേരത്തെ പ്രശാന്ത് കിഷോർ പ്രതികരിച്ചിരുന്നു.

2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാനത്തൊട്ടാകെ 3 ശതമാനത്തിലധികം വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാനത്തെ ആകെയുള്ള 243 സീറ്റുകളിൽ 238 സീറ്റുകളിലും പാർട്ടി മത്സരിച്ചിരുന്നു. എങ്കിലും ഒരു മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. അതിനാൽ പാർട്ടിക്ക് തങ്ങളുടെ രാഷ്ട്രീയ പ്രസക്തി തെളിയിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. കോൺഗ്രസിനും ആർ.ജെ.ഡിക്കും വലിയ തിരിച്ചടി നൽകിക്കൊണ്ട് ബിജെപി നിലനിർത്തുന്ന ബങ്കിപുരിൽ ജൻ സുരാജിന് മാത്രമേ ഇനി മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നാണ് പാർട്ടിയുടെ അവകാശവാദം.

Content Highlights: Prashant Kishor leads by 1,145 votes after four rounds of counting., Jan Suraaj Party candidate faces BJP's Neeraj Kumar Sinha in a BJP stronghold., Bypoll necessitated by Nitin Nabin's move to Rajya Sabha., First election following nationwide student protests over paper leaks., Crucial test for Jan Suraaj Party's relevance after 2025 assembly performance.