താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചേക്കും

ധാക്ക: ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ബിഎൻപി വിജയിച്ചതിന് പിന്നാലെ നേതാവ് താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും. ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയായി താരിഖ് റഹ്‌മാൻ വരുമ്പോൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ വിവിധ രാഷ്ട്രത്തലവൻമാരെ ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. മോദി പ്രധാന അതിഥികളിൽ ഒരാളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
താരിഖ് റഹ്‌മാന്റെ വിജയത്തിന് പിന്നാലെ മോദി അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. ഈ വിജയം ബംഗ്ലാദേശിലെ ജനങ്ങൾക്ക് താരിഖ് റഹ്‌മാന്റെ നേതൃത്വത്തോടുള്ള വിശ്വാസത്തെ കാണിക്കുന്നുവെന്നും ജനാധിപത്യ ബംഗ്ലാദേശിനുള്ള പിന്തുണ ഇന്ത്യ തുടരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. കൂടാതെ താരിഖ് റഹ്‌മാനുമായി സംസാരിച്ചുവെന്നും മോദി സ്ഥിരീകരിച്ചു.
ബംഗ്ലാദേശ് മോദിയെ ഔദ്യോഗികമായി ക്ഷണിക്കുകയും ക്ഷണം ഇന്ത്യ സ്വീകരിക്കുകയും ചെയ്താൽ മോദിയുടെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായകരമാകും. സത്യപ്രതിജ്ഞയുടെ തിയ്യതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
60 വയസ്സുള്ള താരിഖ് യുകെയിലെ 17 വർഷത്തെ പ്രവാസത്തിനുശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചെത്തി മാസങ്ങൾക്കുള്ളിലാണ് തിരഞ്ഞെടുപ്പ് നടന്നതും വിജയം നേടിയതും. തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ, തീവ്രവാദാനുകൂല സംഘടനകളുടെ ശക്തിപ്പെടൽ, വിദേശശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകൾ, ഇന്ത്യയുമായുള്ള ബന്ധം വഷളായത്, രോഹിംഗ്യാ പ്രശ്‌നം തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ അദ്ദേഹത്തിന് മുന്നിലുണ്ട്.
ഇന്ത്യയുടെ താൽപര്യങ്ങളെ മാനിക്കുമെന്ന് താരിഖ് റഹ്‌മാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനിൽപ്പിന് ഇന്ത്യയുമായുള്ള ബന്ധവും വ്യാപാരവും അത്യന്താപേക്ഷിതമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. പുതിയ സർക്കാർ സ്വീകരിക്കുന്ന പാക്, ചൈനാ നയങ്ങൾ എപ്രകാരമെന്ന് ഇന്ത്യ ഉറ്റുനോക്കുകയാണ്.
Content Highlights: India`s PM Modi may be invited to Bangladesh leader Tariq Rahman`s oath ceremony. This marks a new phase in India-Bangladesh relations. Learn more about the potential impact.