ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലുമുണ്ടാകാം എന്ന ഖുര്‍ഷിദിന്റെ പരാമര്‍ശം; വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: പുറമേ നോക്കുമ്പോള്‍ സാധാരണനിലയിലാണെങ്കിലും ബംഗ്ലാദേശിന് സമാനമായ അക്രമാസക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലും സംഭവിച്ചേക്കാമെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു പരാമര്‍ശം. പ്രസ്താവനയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി.
ഒരു പുസ്തകപ്രകാശന വേളയിലാണ് അദ്ദേഹം (സല്‍മാന്‍ ഖുര്‍ഷിദ്) അങ്ങനെ പറഞ്ഞതെന്ന് ബി.ജെ.പി. എം.പി. സംബിത് പത്ര ചൂണ്ടിക്കാട്ടി. പ്രതിഷേധവും തീവെപ്പും ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെടുമെന്നാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് മുന്നറിയിപ്പ് നല്‍കിയത്. ബംഗ്ലാദേശില്‍ എന്താണോ സംഭവിച്ചത് അത് ഇന്ത്യയിലും സംഭവിക്കുമെന്ന്. നിരവധി നേതാക്കന്മാര്‍, ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയുണ്ടായിരുന്നു. അവര്‍ ഒരുതരത്തില്‍ ആ പ്രസ്താവനയെ പിന്തുണച്ചു, സംബിത് പിത്ര ആരോപിച്ചു. രാഹുല്‍ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ രഹസ്യമായി നിരവധി ആളുകളെ കാണുകയും ഇന്ത്യക്കെതിരേ സംസാരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴാണ് എന്തായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി. എം.പി. ഗിരിരാജ് സിങ്ങും ഖുര്‍ഷിദിന്റെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തി. പ്രതിപക്ഷം 'തുക്‌ഡെ തുക്‌ഡെ' ഗ്യാങ്ങായി മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടിന് വേണ്ടി പ്രതിപക്ഷം തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങായി മാറുന്നത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഇന്ത്യക്കും ബംഗ്ലാദേശിന്റെതിന് സമാനമായ അവസ്ഥ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്ന് തനിക്കറിയാമെന്നും ഗിരിരാജ് സിങ് ആരോപിച്ചു.
കശ്മീരില്‍ എല്ലാം സാധാരണനിലയിലാണെന്ന് തോന്നിയേക്കാം. ഇവിടെ എല്ലാം സാധാരണമായി തോന്നാം. നാം ഒരുപക്ഷേ വിജയം ആഘോഷിക്കുന്നുണ്ടായിരിക്കാം. എന്നാലും ചിലര്‍ കരുതുന്നുണ്ടായിരിക്കും 2024-ലെ വിജയം അല്ലെങ്കില്‍ നേട്ടം വളരെ നേരിയതാണെന്ന്. ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും. എന്നാല്‍ ഉപരിതലത്തിന് താഴെ മറ്റു ചിലതാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുകയാണ്. ബംഗ്ലാദേശില്‍ സംഭവിച്ചത് ഇവിടെയും സംഭവിച്ചേക്കാം, എന്നായിരുന്നു ഖുര്‍ഷിദ് പറഞ്ഞത്.
Content Highlights: bangladesh like protest may happen in india says congress leader salman khurshid