ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ: അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം, രണ്ടുപേർ കൊല്ലപ്പെട്ടു

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗ്ലാദേശില്‍ വന്‍ സംഘര്‍ഷം. അവാമി ലീഗ് അനുകൂലികള്‍ എതിരാളികളുമായും പോലീസുമായും ഏറ്റുമുട്ടിയത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ഏറ്റുമുട്ടലുകളിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ധാക്കയിലേയും ബംഗ്ലാദേശിലെ മറ്റു സ്ഥലങ്ങളിലേയും തെരുവുകളില്‍ വിന്യസിച്ചിരുന്ന പോലീസുമായി അവാമി ലീഗ് അനുകൂലികള്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധ പ്രകടനത്തിനും ഹൈവേകള്‍ ഉപരോധിച്ചതിനും പിന്നാലെയായിരുന്നു ആക്രമണം. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തിയുപയോഗിച്ച് ഓടിക്കുന്നതിന്റെയും സ്ഫോടന ശബ്ദം കേള്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍റഹ്മാന്റെ വീട് സ്ഥിതിചെയ്യുന്ന ധന്മോണ്ടിയിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. സ്വത്തുക്കള്‍ നശിപ്പിക്കാനുള്ള ശ്രമമുണ്ടായതോടെ അവിടെയും സംഘര്‍ഷഭരിതമായി.
കഴിഞ്ഞവര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഹസീനയ്ക്കെതിരേ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചത്. സ്ഥാനചലനത്തിനു പിന്നാലെ ഡല്‍ഹിയില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു ഇവര്‍. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രകടനക്കാരെ കൊല്ലാന്‍ ഉത്തരവിടല്, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെടല്‍ എന്നിവയാണ് കുറ്റങ്ങള്‍.
Content Highlights: Death Sentence for Ousted PM Sheikh Hasina Sparks Widespread Unrest