ആഘോഷം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ശിവകുമാര്‍; 'പോലീസിനെ കുറ്റപ്പെടുത്താനാകില്ല'

പരിക്കേറ്റആളെ ആശുപത്രിയിലേക്ക് മാറ്റുന്നു, ഡി.കെ.ശിവകുമാര്‍
പരിക്കേറ്റആളെ ആശുപത്രിയിലേക്ക് മാറ്റുന്നു, ഡി.കെ.ശിവകുമാര്‍

ബെംഗളൂരു:ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയാഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്റ്റേഡയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പത്തോളം പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ദുരന്തത്തില്‍ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

'ഞാന്‍ പോലീസ് കമ്മീഷണറുമായും എല്ലാവരുമായും സംസാരിച്ചു. ഞാന്‍ പിന്നീട് ആശുപത്രിയിലേക്ക് പോകും. ഇപ്പോള്‍ ആശുപത്രിയില്‍ പോയി പരിക്കേറ്റവരെ പരിചരിക്കുന്ന ഡോക്ടര്‍മാരെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇപ്പോള്‍ പറയാന്‍ കഴിയില്ല. ജനങ്ങളോട് ശാന്തരായിരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പരിപാടി ചുരുക്കിയിട്ടുണ്ട്. 10 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശംനല്‍കി. എല്ലാം സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിക്ക് എത്തിയത്' ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു.

ദുരന്തത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറും സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അവര്‍ 'റീലുകള്‍ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ബിജെപി നേതൃത്വം പറഞ്ഞു.

അതേസമയം 5000-ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നുവെന്ന് നേരത്തെ ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കുകയുണ്ടായി. 'ഇതൊരു യുവ ഊര്‍ജ്ജസ്വലമായ ജനക്കൂട്ടമാണ്, ഞങ്ങള്‍ക്ക് ലാത്തി ഉപയോഗിക്കാന്‍ കഴിയില്ല' എന്നും ശിവകുമാര്‍ പറഞ്ഞു.

Content Highlights: DK Shivakumar On Bengaluru Stampede Deaths