ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം: കപ്പലില്‍ അപകടസാധ്യതയുള്ള വസ്തുക്കള്‍ NTSB കണ്ടെത്തി

Photo: AP
Photo: AP

ന്യൂയോർക്ക്: ചരക്ക് കപ്പലിടിച്ച് ബാൾട്ടിമോർ പാലം തകർന്ന സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (എൻ.ടി.എസ്.ബി.) റിപ്പോർട്ട് പുറത്ത്. രാസവസ്തുക്കളും വളരെ വേഗത്തിൽ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കളും കപ്പലിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കപ്പൽ പാലത്തിലിടിച്ചതിന് പിന്നാലെ കണ്ടെയ്നറുകളിൽ ചിലത് തകരുകയും ഇതിൽ നിന്നുള്ള അപകടകരമായ രാസവസ്തുക്കൾ നദിയിൽ കലരുകയും ചെയ്തിരുന്നുവെന്നും എൻ.ടി.എസ്.ബി. പറഞ്ഞിരുന്നു. 

അപകട സാധ്യതയുള്ള സാമഗ്രികളടങ്ങിയ 56 കണ്ടെയ്നറുകളാണ് കപ്പലിൽ കണ്ടെത്തിയത്. വേഗത്തിൽ തീപീടിക്കുന്ന തരത്തിലുള്ള വസ്തുക്കൾ, രാസവസ്തുക്കൾ, ലിഥിയം അയൺ ബാറ്ററികളടക്കം ഇവയിൽ ഉണ്ടായിരുന്നുവെന്ന് എൻ.ടി.എസ്.ബി. ഉദ്യോഗസ്ഥ ജെന്നിഫർ ഹോമെൻഡി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യൻ സമയം പകൽ 11) ഫ്രാൻസിസ് സ്കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകർന്നത്. 948 അടി നീളമുള്ള കപ്പൽ തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയിൽ വീണു. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് കപ്പൽ നീങ്ങിയിരുന്നത്. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പാണ് ‘ദാലി’യുടെ നടത്തിപ്പുകാർ. കപ്പലിലെ രണ്ടു കപ്പിത്താന്മാരുൾപ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. 

2023-ൽ ചിലിയിൽ നടത്തിയ പരിശോധനയിൽ കപ്പലിന്‍റെ ചില യന്ത്രങ്ങൾക്കും കപ്പലിന്‍റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് നടന്ന പരിശോധനകളിൽ പ്രശ്നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആൻഡ് പോർട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂർ കമ്പനിയായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകൾ. നടത്തിപ്പുകമ്പനിയായ സിനർജി മറൈൻ ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.

Content Highlights: Baltimore bridge collapse Flammables and corrosives found on ship Dali