ഛത്തീസ്ഗഢിൽ പെന്തക്കോസ്ത് പ്രാർഥനയ്ക്കിടെ ബജ്രംഗ്ദൾ പ്രതിഷേധം

പ്രതിഷേധക്കാരെ മാറ്റുന്ന പോലീസ് | image credit: @ZeeMPCG x video
പ്രതിഷേധക്കാരെ മാറ്റുന്ന പോലീസ് | image credit: @ZeeMPCG x video

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്രംഗ്ദള്‍ പ്രതിഷേധം. പെന്തക്കോസ്ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോളാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ബഹളംവെച്ചത്. പ്രാര്‍ഥനയ്‌ക്കെത്തിയവരെയും പാസ്റ്ററെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതുകൊണ്ട് തന്നെ പോലീസ് ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്. 

റായ്പുരിലെ കോകര്‍ ബോഡ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ടവരുടെ പ്രാര്‍ഥന നടക്കുകയായിരുന്നു. ഇതിനിടെയാണ് അവിടെ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക്‌ എത്തിയത്. പിന്നാലെ ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ട് വീടിന് ചുറ്റും പ്രതിഷേധം സംഘടിപ്പിച്ചു. 

മറ്റ് സ്ഥലങ്ങളില്‍നിന്നും പെണ്‍കുട്ടികളെ ഇവിടെയെത്തിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആരോപണം. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനായി ഇവിടെ ഒത്തുകൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രാര്‍ഥന നടത്തിയ പാസ്റ്ററെയും പ്രാര്‍ഥനയ്‌ക്കെത്തിയവരെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും ആരോപണമുണ്ട്. 

Content Highlights: bajrang dal protestors disrupted a christian prayer meeting in raipur chhattisgarh